 
അയിരൂർ : മതവിദ്വേഷം നിറഞ്ഞ മനസിൽ തിരിച്ചറിവിന്റെ പ്രകാശം നിറയ്ക്കുന്ന ദർശനമാണ് ശ്രീനാരായണ ഗുരുദേവന്റേതെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. അയിരൂർ ശ്രീനാരായണ കൺവെൻഷന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുരുദേവൻ കേരളത്തിലാണ് ജനിച്ചത് എന്നതിൽ നമുക്ക് അഭിമാനിക്കാം. എന്നാൽ ഗുരുദേവന്റെ പ്രവർത്തനം ലോകത്തിനാകെ വേണ്ടിയായിരുന്നു. ഇൻഡ്യൻ ഭരണഘടന വായിച്ചാൽ മനസിലാകും അതിന്റെ സൃഷ്ടിക്ക് ഗുരുദർശനം വലിയ പ്രചോദനം നൽകിയിട്ടുണ്ടെന്ന്. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, നീതി എന്നിവ ഉറപ്പുവരുത്താനാണ് ഭരണഘടനയും ശ്രമിക്കുന്നത്. ശ്രീനാരായണ മിഷൻ പ്രസിഡന്റ് സി.എൻ.ബാബുരാജൻ അദ്ധ്യക്ഷതവഹിച്ചു. യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.എസ്.വിജയൻ, കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു, സെക്രട്ടറി ജി.ദിവാകരൻ, ശ്രീനാരായണ മിഷൻ വൈസ് പ്രസിഡന്റ് കെ.എസ്.രാജൻ, മോഹനൻ പട്ടാഴി എന്നിവർ സംസാരിച്ചു. കലാമത്സരങ്ങളിൽ വിജയികളായവർക്കുള്ള ട്രോഫികൾ വിതരണം ചെയ്തു.
ഗുരുമൊഴികളുടെ തമസ്‌കരണം
ദു:ഖങ്ങൾക്ക് കാരണം : ഡോ.എം.എം.ബഷീർ
ഗുരുമൊഴികളെ തമസ്‌കരിക്കുന്നതാണ് നമ്മുടെ ദു:ഖങ്ങൾക്ക് കാരണമെന്ന് ഡോ.എം.എം.ബഷീർ മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു. അപ്രായോഗികമെന്ന് തോന്നിയ ഗുരുമൊഴികൾ പ്രായോഗികമായി വന്ന കാലമായിരുന്നു കൊവിഡ് കാലം. വിവാഹ ചടങ്ങുകൾ ആർഭാടങ്ങൾ നിറഞ്ഞതാകരുതെന്നും വിവാഹത്തിന് പതിനൊന്ന് പേർ മതിയെന്നും ഗുരു നിർദ്ദേശിച്ചിരുന്നു. കൊവിഡ് കാലം ഇത് നടപ്പിൽ വരുത്താൻ നമ്മെ നിർബന്ധിതരാക്കി. എന്നാൽ കൊവിഡ് മാറിയതോടെ നാം പഴയതിലേക്ക് മടങ്ങി. ത്രികാലജ്ഞാനിയായ ഗുരുവിന്റെ വാക്കുകൾ ലോകം ഏറ്റെടുക്കുന്ന കാലം വിദൂരമല്ല. ടാഗൂർ, മഹാത്മാഗാന്ധി തുടങ്ങിയ മഹാരഥന്മാർ ഗുരുവിനെ തേടിവന്നത് വെറുതെയല്ലെന്നും ഡോ. ബഷീർ പറഞ്ഞു.