ghoshayathra
ചക്കുളത്തുകാവിലെ തിരുവാഭരണ ഘോഷയാത്ര

തിരുവല്ല: ചക്കുളത്തുകാവിലെ പന്ത്രണ്ട് നോയമ്പ് മഹോത്സവത്തിന്റെ ഭാഗമായി നടന്ന തിരുവാഭരണ ഘോഷയാത്ര ഭക്തിസാന്ദ്രമായി. ഇന്നലെ വൈകിട്ട് കാവുംഭാഗം ഏറങ്കാവ് ക്ഷേത്രസന്നിധിയിൽനിന്ന് ആരംഭിച്ച ഘോഷയാത്രയ്ക്ക് ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റും മുഖ്യകാര്യദർശിയുമായ രാധാകൃഷ്ണൻ നമ്പൂതിരി, മുഖ്യകാര്യദർശി ഉണ്ണികൃഷ്ണൻ നമ്പൂതിരി, മാനേജിംഗ് ട്രസ്റ്റിയും കാര്യദർശിയുമായ മണിക്കുട്ടൻ നമ്പൂതിരി , കാര്യദർശിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത്ത് ബി.നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേകം പൂജകൾ നടത്തിയാണ് പുഷ്പാലംകൃതമായ രഥത്തിൽ തങ്ക തിരുവാഭരണം പ്രതിഷ്ഠിച്ചത്. അമൂല്യരത്നങ്ങൾ പതിപ്പിച്ച എട്ട് തൃക്കൈകളും ആഭരണങ്ങളും കിരീടവും അടങ്ങിയ തങ്ക തിരുവാഭരണം വഹിക്കുന്ന രഥവുംചക്കുളത്തമ്മയുടെ ദുർഗാദേവി ഭാവത്തിലുള്ള വിഗ്രഹം വഹിക്കുന്ന രഥവും ഘോഷയാത്രയിൽ ഭക്തർക്ക് ദർശനപുണ്യമായി. രമേശ് ഇളമൻ നമ്പൂതിരി,നന്ദനൻ നമ്പൂതിരി,രാജേഷ് നമ്പൂതിരി,ആനന്ദ് നമ്പൂതിരി,വിനോദ് നമ്പൂതിരി,ശബരി നമ്പൂതിരി എന്നിവർ ഘോഷയാത്രയുടെ നേതൃത്വം വഹിച്ചു. ദൃശ്യവിസ്മയമായ ഫ്ലോട്ടുകളും ഘോഷയാത്രയ്ക്ക് മിഴിവേകി.കാവടിയാട്ടം കരകാട്ടം പമ്പമേളം തമ്പോലം, പഞ്ചവാദ്യം ശിങ്കാരിമേളം എന്നീ വിഭാഗങ്ങളിലായി മുന്നൂറിലധികം കലാകാരന്മാർ ഘോഷയാത്രയ്ക്ക് ദൃശ്യശ്രവ്യ വിരുന്നൊരുക്കി. തിരുവാഭരണ ഘോഷയാത്ര കടന്നുവന്ന കാവുംഭാഗം, മണിപ്പുഴ,പൊടിയാടി,വൈക്കത്തില്ലം,നെടുമ്പ്രം,നീരേറ്റുപുറം തുടങ്ങിയ ഭാഗത്തെ ക്ഷേത്രങ്ങളിലെയും ഭക്തരുടെയും വിവിധസംഘടനകളുടെയും ഭക്തിനിർഭരമായ സ്വീകരണങ്ങൾ നൽകി. തുടർന്ന് ട്രസ്റ്റിയും മേൽശാന്തിമാരുമായ രഞ്ജിത്ത് ബി.നമ്പൂതിരി, അശോകൻ നമ്പൂതിരി,ദുർഗാദത്തൻ നമ്പൂതിരി മേൽശാന്തിമാരായ ജയസൂര്യൻ നമ്പൂതിരി ഹരിക്കുട്ടൻ നമ്പൂതിരി എന്നിവരുടെ മുഖ്യകാർമികത്വത്തിൽ തങ്ക തിരുവാഭരണം ചാർത്തി ചക്കുളത്തമ്മയ്ക്ക് അഷ്ടഐശ്വര്യ ദീപാരാധന നടത്തി.രാജീവ് എം.പി, സ്വാമിനാഥൻ പി.കെ,ബിജു,അജിത് കുമാർ പിഷാരത്ത്,പ്രസന്നകുമാർ എന്നിവർ നേതൃത്വംനൽകി.ഇന്ന് രാവിലെ ഒമ്പതിന് കാവടികരകം വരവും മുത്താരമ്മൻകോവിൽ നിന്നെത്തുന്ന എണ്ണക്കുടം വരവും ചക്കുളത്തുകാവ് ക്ഷേത്രത്തിൽ എത്തിച്ചേരും. തുടർന്ന് പന്ത്രണ്ട് നോമ്പ് മഹോത്സവത്തിന് സമാപനംകുറിച്ചു ആറാട്ടും തൃക്കൊടിയിറക്കവും മഞ്ഞനീരാട്ടും നടക്കും.