police
പുന്തലയിൽ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചുകിടന്ന ഭാഗത്ത് ഫോറൻസിക് സംഘം പരിശോധന നടത്തുന്നു

ചെങ്ങന്നൂർ: യുവാവിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് മൃതദേഹം കിടന്ന സ്ഥലത്ത് ഇന്നലെ പരിശോധന നടത്തി. സീനിയർ ഫോറൻസിക് സർജൻ ഡോ.നിതിൻ മാത്യു സാം, സയന്റിഫിക് ഓഫീസർ ജിഞ്ചു മനോജ് എന്നിവരാണ് പരിശോധന നടത്തിയത്. പുന്തല പോളശേരിൽ അനീഷ് കുമാറിന്റെ ദുരൂഹ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നിരന്തരമായി സമരം നടത്തി വരികയായിരുന്നു. ഇതേ തുടർന്ന്
ചെങ്ങന്നൂർ പൊലീസ് കഴിഞ്ഞ ആഴ്ച ബംഗളുരുവിലെത്തി അനീഷ് ജോലി ചെയ്തിരുന്ന ഹോട്ടലിലും, താമസസ്ഥലത്തും അന്വേഷണം നടത്തിയിരുന്നു. കഴിഞ്ഞ മേയ് 12 നാണ് കൊഴുവല്ലൂർ പാല നിൽക്കുന്നതിൽ ക്ഷേത്രത്തിനു സമീപം പുഴുവരിച്ച നിലയിൽ അനീഷിന്റെ ജഡം കണ്ടത്. അനീഷ് കടുത്ത മദ്യപാന ആസക്തിയുള്ള ആളാണെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. മരണത്തിന് തൊട്ടു മുൻപ് ബംഗളുരുവിലെ ഒരു ഹോട്ടലിൽ ഇയാൾജോലി ചെയ്തു വരികയായിരുന്നു. ഹോട്ടൽ ഉടമസ്ഥൻ അയാളുടെ ബന്ധുവിന്റെ മരണവുമായി ബന്ധപ്പെട്ട് കേരളത്തിലേക്ക് പോയപ്പോൾ അനീഷിനെ ഹോട്ടലിന്റെ ഉത്തരവാദിത്വം ഏൽപ്പിച്ചിരുന്നു. ഈ മൂന്ന് ദിവസവും കട തുറക്കാതെ ഇയാൾ മദ്യപിച്ചതിനെ തുടർന്ന് ജോലിയിൽ നിന്നും പിരിച്ചുവിട്ടുവെന്നാണ് ഹോട്ടൽ ഉടമ നൽകിയ മൊഴിയെന്ന് പൊലീസ് പറയുന്നു. തുടർന്ന് നാട്ടിലേക്ക് തിരിച്ചതാണ് അനീഷ്. ചെങ്ങന്നൂർ എസ്.ഐ അഭിലാഷ്, എ.എസ്.എ ഷമീർ, സിവിൽ പൊലീസ് ഓഫീസർ സ്വരാജ് എന്നിവർ അടങ്ങിയ സംഘമാണ്
ബംഗളുരുവിൽ അന്വേഷണം നടത്തിയത്.