തിരുവല്ല: പിക്കപ്പ് വാനിടിച്ച് ശിവഗിരി തീർത്ഥാടന പദയാത്രികയ്ക്ക് പരിക്കേറ്റു. എസ്.എൻ.ഡി.പി.യോഗം കോട്ടയം വല്യാട്‌ ശാഖാ അംഗം തെക്കേപ്പുരയ്ക്കൽ ദിലീപ് കുമാറിന്റെ ഭാര്യ ഓമനയ്ക്ക് (57) ആണ് പരിക്കേറ്റത്. എം.സി. റോഡിലെ മുത്തൂരിൽ ഇന്നലെ പുലർച്ചെ 5.45നാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ഓമനയെ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയം നാഗമ്പടത്തുനിന്ന് തിങ്കളാഴ്ച പുറപ്പെട്ട പദയാത്രാ സംഘം മുത്തൂർ ശാഖയിൽ വിശ്രമിച്ചശേഷം ഇന്നലെ പുലർച്ചെ പുറപ്പെടുമ്പോഴാണ് തിരുവല്ല ഭാഗത്തേക്ക് അമിതവേഗതയിൽ പച്ചക്കറിയുമായി വന്ന പിക്കപ്പ് വാൻ ഇടിച്ചത്. മറ്റ് പദയാത്രികർ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. വാരിയെല്ലിനും ശ്വാസകോശത്തിനും പരിക്കേറ്റ ഓമന അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. പിക്കപ്പ് വാൻ തിരുവല്ല പൊലീസ് കസ്റ്റഡിയിലെടുത്തു.