 
തിരുവല്ല: കവിയൂർ തൃക്കക്കുടി ഗുഹാ ക്ഷേത്രത്തിന് മുന്നിൽ മാലിന്യം കുമിഞ്ഞുകൂടുന്നു. വിനോദ സഞ്ചാരികളും തീർത്ഥാടകരും ഭക്തജനങ്ങളും എത്തിച്ചേരുന്ന സ്ഥലമാണിത്. ക്ഷേത്രത്തിലേക്കുള്ള പ്രധാന കവാടത്തിന്റെ പടിക്കെട്ടുകൾക്ക് സമീപമാണ് മാലിന്യം. ഗുഹാ ക്ഷേത്രത്തിലെ വിളക്കിൽ ഒഴിക്കാൻ കൊണ്ടുവരുന്ന എണ്ണയുടെ ഒഴിഞ്ഞ പ്ലാസ്റ്റിക്ക് കുപ്പികളും കവറുകളും മറ്റുമാണ് ഇവിടെ തള്ളുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെയുള്ളവ ഇവിടെ കൂട്ടിയിട്ട് കത്തിക്കുന്നത് പതിവാണെന്ന് നാട്ടുകാർ പറഞ്ഞു. ക്ഷേത്രത്തിന്റെ പരിസരങ്ങളിൽ കാടുവളർന്നു കയറിയ നിലയിലാണ്. സാമൂഹ്യവിരുദ്ധർ ഇൗ ഭാഗത്ത് തമ്പടിക്കാറുണ്ട്. മദ്യപർ പാറയുടെ മറവിൽ ഒത്തുകൂടുന്നതും ഒഴിഞ്ഞ മദ്യക്കുപ്പികളും ഭക്ഷണാവശിഷ്ടങ്ങളും ഇവിടെ ഉപേക്ഷിക്കുന്നതും പതിവാണ്. വിനോദസഞ്ചാരികളെ ആകർഷിക്കാൻ കഴിയുന്ന തൃക്കക്കുടി പാറയും ക്ഷേത്രവും വേണ്ടവിധം സംരക്ഷിക്കുന്നില്ല. 3.91 ഏക്കർ വിസ്തൃതിയുള്ള തൃക്കക്കുടി ഗുഹാക്ഷേത്രം സ്ഥിതി ചെയ്യുന്ന പാറ ഏറെ പ്രാധാന്യമുള്ള സ്ഥലമാണ്. പ്രാചീനമായ ഈ ആരാധനാലയം പത്താം നൂറ്റാണ്ടിൽ നിർമ്മിച്ചതാണെന്ന് കരുതപ്പെടുന്നു. ടൂറിസം വകുപ്പും പഞ്ചായത്തും ദേവസ്വം ബോർഡും പ്രാധാന്യം നൽകാത്തതിനാൽ അവഗണനയിലാണ് ഈ ചരിത്രസ്മാരകം. ഐതിഹ്യപ്പെരുമയും നിർമ്മാണത്തിലെ പ്രത്യേകതകളും കൊണ്ട് സവിശേഷമായ തൃക്കക്കുടി ഗുഹാക്ഷേത്രവും പരിസരവും വൃത്തിയായും ഭംഗിയായും പരിപാലിക്കാൻ അധികൃതർ തയ്യാറാകണമെന്ന ആവശ്യം ശക്തമാണ്.