തിരുവല്ല: നിയന്ത്രണംവിട്ട കാർ ഇടിച്ച് വീട്ടമ്മയ്ക്ക് പരിക്കേറ്റു. പൊട്ടൻമല സ്വദേശിയായ ഓമനയ്ക്ക് (62) ആണ് പരിക്കേറ്റത്. കുറ്റൂർ - മനയ്ക്കച്ചിറ റോഡിലെ താമരക്കുളം ജംഗ്ഷനിൽ ഇന്നലെ ഉച്ചയ്ക്ക് 12നാണ് അപകടം. കുറ്റൂർ ഭാഗത്തുനിന്ന് വന്ന കാർ ഓമനയെ ഇടിച്ചശേഷം വഴിവക്കിലെ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് നിൽക്കുകയായിരുന്നു. കുറ്റൂർ പറശേരിയിൽ വീട്ടിൽ സിബി ഓടിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണു. അപകടത്തിൽ സാരമായി പരിക്കേറ്റ ഓമനയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.