റാന്നി: റാന്നിയിലെ അയ്യപ്പ മഹാ സത്രത്തിന് ഇന്ന് കൊടിയിറങ്ങും. സത്രത്തിലെ പ്രധാന വൈദിക കർമ്മമായ നവാവരണ ശ്രീചക്ര പൂജ ഇന്നലെ നടന്നു. 8 മണിക്കൂർ നീണ്ടുനിന്ന പൂജ തന്ത്ര ശാസ്ത്ര വിശാരദ് മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് നടന്നത്. ശ്രീചക്ര പൂജക്ക് അകമ്പടിയായി ആശാ ശരത്തിന്റെ സോപാനം സംഗീതവും നടന്നു.
ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് പൂജിച്ചു കൊണ്ട് വന്ന അയ്യപ്പ വിഗ്രഹമാണ് സത്ര വേദിയിലെ ക്ഷേത്രത്തിൽ ഈ മാസം 15 ന് പ്രതിഷ്ഠിച്ചത്. തിരുവിതാകൂർ രാജ വംശം അശ്വതി തിരുനാൾ ലക്ഷ്മി ഭായി തമ്പുരാട്ടി കൊടുത്തുവിട്ട കൊടിയാണ് അയ്യപ്പ സത്ര വേദിയിൽ നടൻ സുരേഷ് ഗോപി ഉയർത്തിയത്. ഈ കൊടിയാണ് മഹാ പൂജ മംഗളാരതിക്കു ശേഷം ഇറക്കുന്നത്.
ഇന്ന് സത്ര ക്ഷേത്രത്തിൽ പ്രത്യേക ചടങ്ങുകളൊന്നുമില്ല. രാവിലെ 5.30 ന് ശ്രീകോവിൽ നട തുറക്കും. 6ന് അഷ്ടദ്രവ്യ മഹാ ഗണപതി ഹോമം നടക്കും. അതിനു ശേഷ കൊടിയിറക്കൽ ചടങ്ങ്.