ചെങ്ങന്നൂർ: ലഹരിക്കെതിരേ ബോധവത്കരണ സന്ദേശവുമായി ചെങ്ങന്നൂർ ഫെസ്റ്റ് ജനുവരി 7ന് മിനി മാരത്തോൺ സംഘടിപ്പിക്കും. സ്‌കൂൾ, കോളേജ് യുവജന, മാസ്റ്റേഴ്‌സ് തുടങ്ങി എല്ലാ വിഭാഗത്തിലുമുള്ളവർക്ക് പങ്കെടുക്കാം. പുരുഷ വനിത വിഭാഗങ്ങളിലായിട്ടാണ് സംസ്ഥാനതലത്തിൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. പുരുഷ വനിതാ വിഭാഗങ്ങളിലെ ആദ്യ മൂന്നുസ്ഥാനങ്ങൾക്ക് 10000, 6000, 4000 എന്ന നിലയിൽ കാഷ് അവാർഡുകളും മെറിറ്റ് സർട്ടിഫിക്കറ്റും നൽകും. പുരുഷവിഭാഗത്തിന് 12 കിലോമീറ്റർ ദൂരവും മാന്നാർ നായർ സമാജം ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനത്ത് നിന്ന് ആരംഭിക്കും. വനിതാ വിഭാഗ മത്സരങ്ങൾ അറു കിലോമീറ്റർ ദൂരവും ബുധനൂർ ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനത്തുനിന്ന് ആരംഭിക്കും. ഇരുവിഭാഗങ്ങളുടെയും ഫിനിഷിംഗ് പോയിന്റ് ചെങ്ങന്നൂർ ഫെസ്റ്റ് നിർദ്ദിഷ്ട ബിസിനസ് ഇൻഡ്യാ ഗ്രൗണ്ടാണ്. അത്‌ലറ്റിക് ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ മിനി മാരത്തോൺ നിയമാവലികൾക്കു വിധേയമായിരിക്കും. ജനുവരി നാലിനു വൈകിട്ട് ആറു വരെ മത്സരാർത്ഥികളുടെ എൻട്രികൾ സ്വീകരിക്കും. ചെങ്ങന്നൂർ വൈ.എം.സി.എ. ഓഫീസിൽ നേരിട്ടും, 9446118528, 8129442422, എന്നീ നമ്പരുകളിലും ജനനതീയതി, റെസിഡൻഷ്യൽ അഡ്രസ് തുടങ്ങിയ വിവരങ്ങളും ആധാർ കാർഡിന്റെ കോപ്പിയും നൽകണം. അംഗീകൃത മെഡിക്കൽ പ്രാക്ടീഷ്ണറുടെ പരിശോധിക്കപ്പെട്ട കായികക്ഷമതാ സർട്ടിഫിക്കറ്റ് മത്സര ദിവസം ആറിന് മുൻപായി ലഭിക്കണം. ചെങ്ങന്നൂർ ഫെസ്റ്റ് കമ്മിറ്റി ചെയർമാൻ പി.എം. തോമസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മിനി മാരത്തോൺ നടത്തിപ്പിലേക്ക് ടെക്‌നിക്കൽ കമ്മിറ്റിയും രൂപവത്കരിച്ചു.