ചെങ്ങന്നൂർ: ചെങ്ങന്നൂർ നഗരസഭാദ്ധ്യക്ഷ മറിയാമ്മ ജോൺ ഫിലിപ്പ് രാജിവച്ചു. ഡി.സി.സി.യുടെ തീരുമാനപ്രകാരമാണ് രാജി. ഉപാദ്ധ്യക്ഷൻ ഗോപു പുത്തൻമഠത്തിൽ ആക്ടിംഗ് ചെയർമാനാകും. ധാരണ പ്രകാരം നഗരസഭ 18-ാം വാർഡ് കൗൺസിലർ സൂസമ്മ എബ്രഹാം അടുത്ത നഗരസഭാദ്ധ്യക്ഷയാകും. നഗരസഭ 9-ാം വാർഡ് കൗൺസിലർ മനീഷ് കീഴാമഠത്തിൽ ഉപാദ്ധ്യക്ഷനാകും. ഇവരുടെ കാലയളവ് ഒരു വർഷമാണ്.
അവസാന രണ്ട് വർഷം, മുൻ അദ്ധ്യക്ഷരായിരുന്ന ശോഭാ വർഗീസ് അദ്ധ്യക്ഷയും കെ. ഷിബുരാജൻ ഉപാദ്ധ്യക്ഷനുമാകും. രണ്ടര വർഷത്തിനുശേഷം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരുടെ സ്ഥാനങ്ങൾക്കും മാറ്റമുണ്ടാകും. ആകെയുള്ള 27 കൗൺസിലർമാരിൽ യു.ഡി.എഫ് 16, ബി.ജെ.പി. 7, ഇടതുപക്ഷം 3, സ്വതന്ത്രൻ ഒന്ന് എന്നതാണ് കക്ഷിനില.
യു.ഡി.എഫിലെ നാലു കൗൺസിലർമാർ കേരള കോൺഗ്രസ് പി.ജെ. ജോസഫ് പക്ഷക്കാരാണ്. കോൺഗ്രസിന് 12 കൗൺസിലർമാരാണുള്ളത്. കേരള കോൺഗ്രസിന് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ സ്ഥാനമാണ് നൽകിയിട്ടുള്ളത്.