
അടൂർ: എസ്.എൻ.ഡി. പി യോഗം അടൂർ യൂണിയന്റെ മൂന്നാമത് ശിവഗിരി പദയാത്രയ്ക്ക് ഭക്തിസാന്ദ്രമായ തുടക്കം. യൂണിയൻ ചെയർമാൻ അഡ്വ.എം.മനോജ് കുമാറിന്റെ അദ്ധ്യക്ഷതയിൽ പ്രാർത്ഥനാ മണ്ഡപത്തിൽ ചേർന്ന ചടങ്ങിൽ എസ്.എൻ.ഡി.പി യോഗം കൗൺസിലർ പി.ടി. മന്മഥൻ ഉദ്ഘാടനം ചെയ്തു.ശിവഗിരി തീർത്ഥാടനംപോലെ അർത്ഥസമ്പുഷ്ടമായ മറ്റൊരു തീർത്ഥാടനം ലോകത്ത് വേറൊരിടത്തുമില്ലെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യന്റെ സർവതോന്മുഖമായ പുരോഗതി ലക്ഷ്യമിട്ട് വിവിധ വിഷയങ്ങളിൽ അവഗാഹമുണ്ടാക്കുക എന്നത് ഗുരുവിന്റെ ദീർഘവീക്ഷണമാണ് വ്യക്തമാക്കുന്നത്. അതുകൊണ്ടാണ് ശിവഗിരി തീർത്ഥാടനം അറിവിന്റെ മഹാതീർത്ഥാടനമായി മാറിയതെന്ന് അദ്ദേഹം പറഞ്ഞു. യോഗം അസി.സെക്രട്ടറി പി. എസ്. വിജയൻ, യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗം ഷിബു കിഴക്കിടം, യൂത്ത്മൂവ്മെന്റ് യൂണിയൻ സെക്രട്ടറി സുജിത്ത് മണ്ണടി, സൈബർസേന കേന്ദ്രകമ്മിറ്റിയംഗം അശ്വിൻ പ്രകാശ് എന്നിവർ പ്രസംഗിച്ചു. യൂണിയൻ കൺവീനർ അഡ്വ.മണ്ണടി മോഹൻ സ്വാഗതവും വനിതാസംഘം യൂണിയൻ കൺവീനർ സുജാമുരളി നന്ദിയും പറഞ്ഞു. യൂണിയൻ ആസ്ഥാനത്തെ പഞ്ചനില ഗുരുമന്ദിരത്തിന് മുന്നിൽ വച്ച് ജാഥാ ക്യാപ്റ്റൻ എബിൻ ആമ്പാടിക്ക് പി.ടി. മന്മഥൻ ധർമ്മ പതാക കൈമാറി. വിവിധ ശാഖകളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ഇന്നലെ വൈകിട്ട് കൊട്ടാരക്കര യൂണിയൻ ആസ്ഥാനത്ത് സമാപിച്ചു. ഇന്ന് അവിടെ നിന്ന് പുറപ്പെട്ട് പരുത്തിയറ, പൂയപ്പള്ളി, അടുതല, കല്ലുവാതുക്കൽ വഴി ചാത്തന്നൂർ എസ്.എൻ.ഡി.പി യൂണിയൻ ആസ്ഥാനത്ത് സമാപിക്കും. 30ന് വൈകിട്ട് 6.30ന് മഹാസമാധിയിൽ എത്തി സമൂഹപ്രാർത്ഥനയ്ക്ക് ശേഷം കാണിക്ക സമർപ്പണം നടത്തും. ഇരുനൂറിൽപ്പരം തീർത്ഥാടകർ പദയാത്രയിലുണ്ട്.