വള്ളിക്കോട്: കുഞ്ഞുമനസിലെ വലിയ കാര്യങ്ങൾ. അതിൽ ഭാവനയും കൗതുകവുമൊക്കെ ചേർത്ത് അമ്മയോടു പങ്കുവച്ചപ്പോൾ മാധവൻ കവിയായി. പൂവും മരങ്ങളും നക്ഷത്രങ്ങളുമൊക്കെ കണ്ടു വളർന്ന അഞ്ചു വയസുകാരന്റെ ചിന്തകളുടെ അക്ഷരരൂപം ഒടുവിൽ പുസ്തകരൂപത്തിൽ ഇന്ന് പ്രകാശിതമാകുകയാണ്. പ്രായംകുറഞ്ഞ കവി പ്രമാടം ഗവ.എൽ.പി സ്‌കൂളിലെ യു.കെ.ജി വിദ്യാർത്ഥിയാണ്. വള്ളിക്കോട് ദേവനന്ദനത്തിൽ ആർ. ബിജുവിന്റെയും ബിന്ദു ഗോപിനനാഥിന്റെയും മകനാണ് മാധവൻ. കുട്ടിക്കാലം മുതൽ അമ്മയുടെ കഥകളും കവിതകളും കേട്ടാണ് മാധവൻ വളരുന്നത്. അതുകൊണ്ടു തന്നെ അതൊക്കെ സ്വന്തമായി മെനഞ്ഞു പറയുന്നതിലും കൗതുകം കണ്ടെത്തി. അത്തരത്തിൽ പലപ്പോഴായി മനസിൽ തോന്നിയ കവിതകളാണ് 'ഇനി ഞാൻ പറയട്ടെ' എന്ന പേരിൽ പുസ്തകരൂപത്തിൽ എത്തുന്നത്. ചുറ്റുപാടുകളിൽ മാധവൻ കണ്ടതും കേട്ടതുമായ കാര്യങ്ങളും അതിലുള്ള നിരീക്ഷണവുമാണ് മാധവന്റെ മിക്ക കവിതകളുടേയും വിഷയം. പലപ്പോഴായി ആ വരികൾ അമ്മയോടു പങ്കുവയ്ക്കും. അമ്മ എഴുതിയിട്ടു. മാധവന്റെ കവിതകളൊക്കെയും രൂപപ്പെട്ടത് അങ്ങനെയാണ്. കവിതകളെല്ലാം അമ്മ തന്റെ ഫെസ്ബുക്കിൽ പങ്കുവച്ചു. അതോടെ കിട്ടിയ വലിയ പിന്തുണയാണ് പുസ്തകരചനയിലേക്ക് എത്തിച്ചത്. എഴുത്തിനൊപ്പം യൂട്യൂബ് ചാനലും ബ്ലോഗിംങ്ങുമൊക്കെയായി സജീവമാണ് മാധവൻ.10 കവിതകളാണ് പുസ്തകത്തിലുള്ളത്. പുസ്തക പ്രകാശനത്തിന് മുൻകൈയെടുക്കുന്നത് നാട്ടിലെ തപസ്യ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബാണ്. തപസ്യയുടെ നേതൃത്വത്തിൽ ഇന്ന് വള്ളിക്കോട് പഞ്ചായത്ത് സ്റ്റേഡിയത്തിൽ ഇന്ന് വൈകിട്ട് ഏഴിന് നടക്കുന്ന ചടങ്ങിൽ പുസ്തകം പ്രകാശനം ചെയ്യും. പന്തളം എൻ.എസ്.എസ് കോളജ് വിദ്യാർത്ഥി ദേവാനന്ദ് ആണ് സഹോദരൻ.