medical-college-
കോന്നി മെഡിക്കൽ കോളേജിൽ രണ്ടാം ഘട്ട വികസനത്തിന്റെ ഭാഗമായി കെട്ടിടങ്ങളുടെ പണികൾ നടക്കുന്നു

കോന്നി : ഗവ.മെഡിക്കൽ കോളേജിന്റെ രണ്ടാംഘട്ട വികസനപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. കിഫ്‌ബി മുഖേന 351.72 കോടി രൂപ അനുവദിച്ചതിൽ 199.17 കോടിക്ക് രാജസ്ഥാൻ കമ്പനിയായ ജതൻ കൺസ്ട്രക്ഷൻ പ്രൈവറ്റ് ലിമിറ്റഡാണ് നിർമ്മാണപ്രവർത്തികൾ ഏറ്റെടുത്തിരിക്കുന്നത്. എം.ബി.ബി.എസ് വിദ്യാർത്ഥികളുടെ ആദ്യ ബാച്ചിന്റെ ക്‌ളാസുകൾ ആരംഭിച്ചിരുന്നു. മെഡിക്കൽ കോളേജിന്റെ വികസനത്തിനായി അടിയന്തരമായി 4.43 കോടിയുടെ ഭരണാനുമതിയാണ് സംസ്ഥാന സർക്കാർ നൽകിയത്. അനുവദിച്ച തുകയിൽ നിന്ന് 70 ലക്ഷം രൂപയുടെ വീതം 2 മോഡ്യുലാർ ഓപ്പറേഷൻ തീയറ്ററുകൾ സജ്ജമാക്കും. ഫർണിച്ചറുകൾക്കായി 32.85 ലക്ഷം രൂപയും ബുക്കുകൾക്കും ജേർണലുകൾക്കുമായി 35 ലക്ഷം രൂപയും അനുവദിച്ചു. ഐ.സി.യു അനുബന്ധ ഉപകരണങ്ങൾ, ഇ.എൻ.ടി സർജറി, ഗൈനക്കോളജി എന്നിവയ്ക്ക് ആവശ്യമായ മെറ്റീരിയലുകൾ, ബയോകെമിസ്ട്രി, മൈക്രോബയോളജി വിഭാഗത്തിനുള്ള റീയേജന്റുകൾ, കെമിക്കൽ, കിറ്റുകൾ, പത്തോളജി വിഭാഗത്തിനുള്ള മെറ്റീരിയലുകൾ, കിറ്റുകൾ, ഓർത്തോപീഡിക് സർജറിയ്ക്കുള്ള ഉപകരണങ്ങൾ, അനസ്‌തേഷ്യ വർക്ക് സ്റ്റേഷൻ, പേഷ്യന്റ് വാമർ, മൾട്ടിപാരമോണിറ്റർ, ഓപ്പറേറ്റിംഗ് മൈക്രോസ്‌കോപ്പ്, ഡെന്റൽ, പീഡിയാട്രിക്, പള്‍മണോളജി, ഫിസിയോളജി എന്നീ വിഭാഗങ്ങൾക്കാവശ്യമായ ഉപകരണങ്ങൾ എന്നിവ മെഡിക്കൽ കോളേജിൽ സജ്ജമാക്കി. സ്‌പെഷ്യാലിറ്റി, സൂപ്പർ സ്‌പെഷ്യാലിറ്റി സേവനങ്ങൾ, ലേബർ റൂം, ബ്ലഡ് ബാങ്ക് എന്നിവ യാഥാർത്ഥ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.

രണ്ടാംഘട്ടത്തിൽ

200 കിടക്കയോടുകൂടിയ ആശുപത്രിക്കെട്ടിടം

അക്കാദമിക് ബ്ലോക്കിന് മൂന്ന് നിലയുള്ള കെട്ടിടം

അഞ്ച് നിലയുള്ള ആൺകുട്ടികളുടെ ഹോസ്റ്റൽ,

ആറ് നിലയുള്ള പെൺകുട്ടികളുടെ ഹോസ്റ്റൽ,

നാലു വിഭാഗങ്ങളിലായി 40 അപ്പാർട്മെന്റുകൾ,

11 നിലയുള്ള ക്വാർട്ടേഴ്‌സ്,

1000 പേർക്ക് ഇരിക്കാൻ പറ്റുന്ന ഓഡിറ്റോറിയം,

മോർച്ചറി, പോസ്റ്റ്‌മോർട്ടം സൗകര്യങ്ങൾക്ക് ഓട്ടോപ്സി ബ്ലോക്ക്,

രണ്ടുലക്ഷം ലിറ്റർ ശേഷിയുള്ള സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്,

മഴവെള്ള സംഭരണി,

പ്രിൻസിപ്പലിന് താമസിക്കാൻ ഡീൻ വില്ല,

400 മീറ്റർ ട്രാക്കോടുകൂടിയ കളിസ്ഥലം

കിഫ്ബിയിൽ നിന്ന് 351.72 കോടി രൂപയുടെ ഭരണാനുമതി നൽകിയിരുന്നു. ഇതിൽ 264.50 കോടി രൂപ നിർമ്മാണ പ്രവർത്തികൾക്കും 87.22 കോടി രൂപ ഉപകരണങ്ങളും ഫർണിച്ചറുകളും വാങ്ങുന്നതിനാണ് ഉപയോഗിക്കുന്നത്.

കോന്നി മെഡിക്കൽ കോളേജിൽ രണ്ടാംഘട്ട വികസനപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ജില്ലയെ മെഡിക്കൽ രംഗത്തെ കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യം.

കെ.യു.ജനീഷ്‌കുമാർ എം.എൽ.എ