 
തിരുവല്ല: അമ്പിളി ജംഗ്‌ഷനിൽ നിർമ്മാണം പുരോഗമിക്കുന്ന സിവിൽ സപ്ലൈസിന്റെ ഗോഡൗണും സൂപ്പർമാർക്കറ്റും പെട്രോൾ പമ്പും മാർച്ചിൽ തുറക്കുമെന്ന് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. കെട്ടിടത്തിന്റയും അനുബന്ധ പ്രവൃത്തികളുടെയും നിർമ്മാണ പുരോഗതി വിലയിരുത്താൻ എത്തിയതായിരുന്നു മന്ത്രി. ഇരുനില കെട്ടിടത്തിന്റെ മേൽക്കൂര നിർമ്മാണവും ഫ്ലോറിംഗ് ജോലികളും ചുറ്റുമതിലിന്റെ നിർമ്മാണവും മണ്ണിട്ടുയർത്തുന്ന ജോലികളും പൂർത്തിയാകാനുണ്ട്. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പെട്രോൾ പമ്പ് ഇവിടെ തുടങ്ങാനുള്ള നടപടികളും തുടങ്ങി. ഈ ജോലികളെല്ലാം ഉടനെ പൂർത്തിയാക്കാൻ കരാറുകാർക്ക് മന്ത്രി നിർദ്ദേശം നൽകി. നിലവിൽ സിവിൽ സപ്ലൈസിന്റെ ഭക്ഷ്യധാന്യങ്ങൾ കുന്നന്താനത്തെ ഗോഡൗണിലാണ് സൂക്ഷിക്കുന്നത്. പുതിയ ഗോഡൗൺ പൂർത്തിയാകുന്നതോടെ സ്വന്തം കെട്ടിത്തിൽ ഭക്ഷ്യധാന്യങ്ങൾ സൂക്ഷിക്കാനുള്ള സൗകര്യമാകും. ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ ഭക്ഷ്യഭദ്രതാ നിയമപ്രകാരമുള്ള ഗോഡൗണാണിത്. സൂപ്പർമാർക്കറ്റും ഓഫീസുകളുടെ പ്രവർത്തനവും ഇതോടനുബന്ധിച്ച് തുടങ്ങും. സിവിൽ സപ്ലൈസ് കോട്ടയം റീജിയണൽ മാനേജർ സുൾഫിക്കർ, സി.പി.ഐ. ജില്ലാ അസി.സെക്രട്ടറി അഡ്വ.കെ.ജി.രതിഷ് കുമാർ, ജില്ലാ സപ്ലൈ ഓഫീസർ എം.അനിൽ, താലൂക്ക് സപ്ലൈ ഓഫീസർ സജി കുര്യൻ, സപ്ലൈകോ ഡിപ്പോ അസി.മാനേജർ ബെറ്റ്സി എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
ശിലയിട്ടത് 2011ൽ
2011ൽ അന്നത്തെ മന്ത്രി സി.ദിവാകരൻ ശിലാസ്ഥാപനം നടത്തിയെങ്കിലും സാമ്പത്തിക പ്രതിസന്ധിയും പ്രതികൂല കാലാവസ്ഥയും കാരണം നിർമ്മാണ ജോലികൾ നീണ്ടുപോയി. സിവിൽ സപ്ലൈസിന്റെ നിലവിലെ ഓഫീസും ഗോഡൗണുമെല്ലാം നിലവിൽ വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. പുതിയ കെട്ടിടം പൂർത്തിയാകുന്നതോടെ വാടകയിനത്തിൽ തന്നെ കോർപ്പറേഷന് പണം ലാഭിക്കാനാകും. അമ്പിളി ജംഗ്‌ഷനിലെ ചതുപ്പ് നിലമായിരുന്ന ഈസ്ഥലം 1989ൽ വികസന പ്രവർത്തനങ്ങൾക്കായി സിവിൽ സപ്ലൈസിന് സർക്കാർ പതിച്ചു നൽകിയതാണ്.