പത്തനംതിട്ട: കുളനട ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസ് മുഖേന കുളനട പോസ്റ്റ് ഓഫീസിലേയ്ക്ക് നിക്ഷേപകരിൽ നിന്ന് മാസം നിക്ഷേപങ്ങൾ സ്വീകരിച്ച് തട്ടിപ്പ് നടത്തിയ പോസ്റ്റോഫീസ് വനിതാ ഏജന്റായ കുളനട മംഗളത്ത് വീട്ടിൽ പി.ജി.സരളകുമാരിയെ മൂന്നു വർഷം വീതം തടവിനും 6,25,000 രൂപ പിഴ ഒടുക്കുന്നതിനും തിരുവനന്തപുരം വിജിലൻസ് സ്‌പെഷ്യൽ ജഡ്ജി ജി.ഗോപകുമാർ ശിക്ഷിച്ചു. 1989 മുതൽ പോസ്റ്റ് ഓഫീസ് മഹിളാ ഏജന്റായി പ്രവർത്തിച്ചു വന്നിരുന്ന പ്രതിക്കെതിരെ 2005 കാലഘട്ടത്തിൽ ചിലരുടെ നിക്ഷേപം അടയ്ക്കുന്നില്ലെന്ന ആക്ഷേപം ഉയർന്നിരുന്നു. ഇതേ തുടർന്ന് ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർ നിക്ഷേപകരെ നേരിൽ വിളിച്ചു വരുത്തി അന്വേഷണം നടത്തി. നിക്ഷേപകരുടെ അര ലക്ഷത്തിന് മുകളിൽ പണം അപഹരിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് പന്തളം പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
അപഹരണത്തിന്റെ വ്യാപ്തി കണക്കിലെടുത്ത് കേസ് അന്വേഷണം വിജിലൻസിന് കൈമാറുകയായിരുന്നു. ഇതിനെ തുടർന്ന് പത്തനംതിട്ട വിജിലൻസ് യൂണിറ്റ് ഡിവൈ.എസ്.പി സി.പി ഗോപകുമാർ 2005ൽ അന്വേഷണം നടത്തിയ കേസിൽ പ്രതി 34 നിക്ഷേപകരിൽ നിന്ന് 2000 മുതൽ 2005 വരെ സ്വീകരിച്ച മാസ നിക്ഷേപങ്ങളിൽ നിന്ന് 1, 58,100 രൂപ പോസ്റ്റോഫീസിൽ ഒടുക്കാതെ അപഹരിച്ചതായി കണ്ടെത്തി.