chappathu
മഴുക്കീർ വഞ്ചിമൂട്ടിൽ ക്ഷേത്രക്കടവിലെ ചപ്പാത്തിലൂടെ വിവിധ ആവശ്യങ്ങൾക്കായി മറുകരയിൽ പോയി മടങ്ങുന്നവർ

ചെങ്ങന്നൂർ: വഞ്ചിമൂട്ടിൽ ക്ഷേത്രക്കടവ് പാലം എന്നു വരും.? വരട്ടാറിന് കുറുകെ പത്തനംതിട്ട - ആലപ്പുഴ ജില്ലകളുടെ അതിർത്തികൾ പങ്കുവയ്ക്കുന്ന വഞ്ചിമൂട്ടിൽ ക്ഷേത്രക്കടവ് പാലം യാഥാർത്ഥ്യമാകുമെന്ന ഭരണനേതൃത്വത്തിന്റെ വാഗ്ദാനത്തിന് വർഷങ്ങളുടെ പഴക്കമാണുളളത്. നിത്യേന സ്‌കൂൾ കുട്ടികളും ഉദ്യോഗസ്ഥരും ഉൾപ്പടെ നൂറുകണക്കിന് ആളുകൾ സഞ്ചരിക്കുന്നത് വഞ്ചിമൂട്ടിൽ ചപ്പാത്തിലൂടെയാണ്.മഴപെയ്തുപോയാൽ ഈ ചപ്പാത്ത് വെളളത്തിൽ മുങ്ങും.അതോടെ പാതി നനഞ്ഞുവേണം അക്കരെയിക്കരെ സഞ്ചരിക്കാൻ. കൂടുതൽ വെളളമെത്തിയാൽ ഈ ചപ്പാത്തിലൂടെയുളള യാത്രയും മുടങ്ങും. പിന്നീട് ഒരു കിലോമീറ്റർ അധികം ചുറ്റിവേണം മറുകരയെത്താൻ.അല്ലെങ്കിൽ 200രൂപ ഓട്ടോ ചാർജ്ജ് നൽകണം.

വാഗ്ദാനം മാത്രം ബാക്കിയായി

ഇരുകരകളിലുമുളള ജനങ്ങളുടെ ഈ ദുരിതയാത്രക്ക് വിരാമമാകുന്ന തരത്തിൽ നിർമ്മിക്കുമെന്ന് ഭരണനേതൃത്വം പറഞ്ഞിരുന്നത്. ഇതിന്റെ ഭാഗമായി 2018ലെ സംസ്ഥാന ബഡ്ജറ്റിൽ തുക വകയിരുത്തുകയും ചെയ്തു. വഞ്ചിമൂട്ടിൽ ചപ്പാത്ത് ഉൾപ്പടെ വരട്ടാറിനു കുറുകെയുളള 8 ചപ്പാത്തുകൾ പൊളിച്ചുമാറ്റി അവിടങ്ങളിൽ പാലങ്ങൾ നിർമ്മിക്കാനായിരുന്നു പദ്ധതി. തുടർന്ന് എം.എൽ.എ മാരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരുടെയും, ജനപ്രതിനിധികളുടെയും സംഘം വരട്ടാറിലെ വിവിധ കേന്ദ്രങ്ങൾ സന്ദർശിച്ചു. ഇവിടങ്ങളിലെ മണ്ണ് പരിശോധനയ്ക്കായി എടുക്കുകയും ചെയ്തു. ഇതോടെയാണ് തങ്ങളുടെ ദുരിതയാത്രക്ക് അറുതിയാകുമെന്ന പ്രതീക്ഷ പ്രദേശവാസികൾക്കുണ്ടായി. തുടർ നടപടികളുണ്ടാകാതയതോടെ ഭരണ നേതൃത്വം നൽകിയത് വെറും വാഗ്ദാനം മാത്രമായി അവശേഷിച്ചു.

ബൈപ്പാസായി ഉപയോഗിക്കാം

തിരുവൻവണ്ടൂർ പഞ്ചായത്തിന്റെ അഞ്ചും ആറും വാർഡുകൾ വരട്ടാറിന്റെ തീരപ്രദേശങ്ങളാണ്. അതുകൊണ്ടുതന്നെ പ്രദേശവാസികൾക്ക് ഏറ്റവും എളുപ്പത്തിൽ തിരുവല്ല, തെങ്ങേലി, കുറ്റൂർ, വെൺപാല, കദളിമംഗലം, ഇരുവെള്ളിപ്ര, കാവുംഭാഗം തുടങ്ങിയ പ്രദേശങ്ങളിലേക്ക് പോകുവാനും പാലം ഉപകരിക്കും. മാത്രമല്ല മഴുക്കീർ, കോലിടത്തുശേരി, തിരുവൻവണ്ടൂർ ഭാഗത്തുള്ളവർക്കും, പ്രയാർ, മുറിയായിക്കര, പാണ്ടനാട് എന്നീ പ്രദേശവാസികൾക്കും പ്രാവിൻ കൂടിലെത്താതെ തിരുവല്ലയ്ക്ക് എത്താനുള്ള ബൈപ്പാസ് റോഡു കൂടിയാണിത്.

.................................
പാലം അത്യാവശ്യമാണ്. സ്‌കൂൾ, കോളേജ് കുട്ടികൾക്കും ഉദ്യോഗസ്ഥർക്കും സഞ്ചരിക്കാനുളള എളുപ്പമാർഗമാണ്. പ്രദേശവാസികൾ ദൈനംദിന കാര്യങ്ങൾക്കും കടകളിലേക്കും പെട്ടന്ന് പോകുന്നത് തലയാർ ഭാഗത്തേക്കാണ്. ഈ ചപ്പാത്ത് കടന്നു വേണം അക്കരെയെത്താൻ അതുകൊണ്ടുതന്നെ പാലം വളരെ അനിവാര്യമാണ്.

എ.എൻ നാരായണപിള്ള

(പ്രദേശവാസി)