 
പത്തനംതിട്ട : കാറിൽ സഞ്ചരിച്ച കുടുംബത്തെ വഴിതടഞ്ഞ് ആക്രമിക്കുകയും വീട്ടമ്മയെയും മകളെയും കൈയേറ്റം ചെയ്യുകയും ചെയ്ത കേസിൽ ഒരു പ്രതിയെ കൂടി പെരുനാട് പൊലീസ് അറസ്റ്റ് ചെയ്തു. ക്രിസ്മസ് ദിവസം രാത്രി 9 കഴിഞ്ഞ് വടശേരിക്കര ചിറയ്ക്കൽ ഭാഗത്താണ് സംഭവം. രണ്ടാം പ്രതി ഇരവിപേരൂർ കുറുന്തോട്ടത്തിൽ പറമ്പിൽ ഹരികൃഷ്ണനാണ് (21) പിടിയിലായത്. വടശേരിക്കര പേഴുംപാറ ചിറയ്ക്കൽഭാഗം വെള്ളുമാലിയിൽ വീട്ടിൽ ഗിരീഷ് കുമാർ (47) നേരത്തെ അറസ്റ്റിലായിരുന്നു. വീടിന് സമീപത്തുനിന്ന് ഇന്നുച്ചയ്ക്ക് ഹരികൃഷ്ണനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഒളിവിൽ കഴിയുന്ന മറ്റൊരു പ്രതിക്കായി അന്വേഷണം തുടരുകയാണ്. പെരുനാട് എസ്.ഐമാരായ റെജി തോമസ്, രവീന്ദ്രൻ നായർ, എ.എസ്.ഐ റോയ് ജോൺ, സി.പി.ഒ വിനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.