30-pdm-muni
ഭരണ പ്രതിപക്ഷ കൗൺസിലർമാർ ചെയർപേഴ്‌സൺ ചേമ്പറിൽ ബഹളം വെക്കുന്നു

പന്തളം: പന്തളം നഗരസഭയിൽ കൗൺസിൽ യോഗത്തിൽ ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കൈയാങ്കളി , ചെയർപേഴ്‌സണ് നേരെ ചൂടുവെള്ളം ഒഴിച്ചതായി പരാതി. നഗരസഭയിൽ പ്രതിപക്ഷ കൗൺസിലർമാർ സെക്രട്ടറിയെ ഉപരോധിച്ചു. നഗരസഭ കൗൺസിൽ യോഗം വൈകിയെന്ന് ആരോപിച്ചാണ് പ്രതിപക്ഷം ബഹളത്തിലും കൈയാങ്കളിയിലും കലാശിച്ചത്. ഉപരോധം നടക്കുന്നതിനിടയിൽ നഗരസഭ ചെയർപേഴ്‌സണൽ സുശീലാ സന്തോഷ് നഗരസഭയിലെ അസിസ്റ്റന്റ് എൻജിനീയർ രാധികയെ അദ്ധ്യക്ഷയാക്കി കൗൺസിൽ യോഗം വിളിച്ചുകൂട്ടാൻ മുതിർന്നതാണ് പ്രതിപക്ഷ ബഹളത്തിന് ഇടയാക്കിയത്. തുടർന്ന് ഭരണ പ്രതിപക്ഷ അംഗങ്ങൾ നേർക്ക് നേർ അസഭ്യവർഷവും ആരംഭിച്ചതോടെ ചെയർപേഴ്‌സൺ പൊലീസ് സഹായം തേടി. പന്തളത്തെ എല്ലാ വാർഡിലെയും തെരുവുവിളക്കുകൾ പ്രകാശിപ്പിക്കണമെന്നും, തൊഴിലുറപ്പ് തൊഴിലാളികൾക്ക് വേതനം നൽകണമെന്നും, പന്തളം മഹാദേവർ ക്ഷേത്രം ,മങ്ങാരം റോഡ് പൂർണമായും റീ ടാർ ചെയ്യണമെന്നും ആവശ്യപ്പെട്ടായിരുന്നു സെക്രട്ടറിയെ ഉപരോധിച്ചത്. ഇതിനിടയിൽ ഫയലുകൾ വലിച്ചെറിയുകയും വെള്ളം കോരിയൊഴിക്കുകയും ചെയ്തു. ഉന്തിലും തള്ളിലും യു.ഡി.എഫ് ,എൽ.ഡി.എഫ്, കൗൺസിൽമാരായ സുനിതാ വേണു, അംബികാ രാജേഷ്, എന്നിവർക്കു പരിക്കേറ്റു. വ്യാഴാഴ്ചത്തെ കൗൺസിൽ നിയമപ്രകാരമല്ലെന്ന് സെക്രട്ടറി ഉറപ്പുനൽകിയതോടെയാണ് സമരം അവസാനിപ്പിച്ചത്.എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ ലസിതാ നായർ ,യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ കെ.ആർ വിജയകുമാർ, കൗൺസിൽമാരായ രാജേഷ് കുമാർ, പന്തളം മഹേഷ്,ടി .കെ സതി, കെ.ആർ രവി,അജിതകുമാരി, സുനിതാ വേണു, അരുൺ. എസ് ,രത്‌നമണി സരേന്ദ്രൻ, അംബികാ രാജേഷ് , ശോഭനകുമാരി ,എച്ച്.സക്കീർ, ഷെഫിൻ റജുബ് ഖാൻ, എന്നിവർ ഉപരോധസമരങ്ങൾക്ക് നേതൃത്വം നൽകി.