mock-drill
പ്രളയമുന്നൊരുക്കങ്ങളുടെ ഭാഗമായി വെണ്മണിയിൽ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിശീലന രക്ഷാപ്രവർത്തനം

ചെങ്ങന്നൂർ: ദേശീയ, സംസ്ഥാന, ജില്ലാ ദുരന്തനിവാരണ അതോറിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ പ്രളയ തയാറെടുപ്പിന്റെ ഭാഗമായി ചെങ്ങന്നൂരിൽ മോക് ഡ്രിൽ നടത്തി. ഇന്നലെ രാവിലെ 9നാണ് മോക്ക് ഡ്രിൽ ആരംഭിച്ചത്. കളക്ട്രേറ്റിൽ എമർജൻസി ഓപ്പറേഷൻ സെന്റർ, വിവിധ സ്ഥലങ്ങളുമായി സംവദിക്കാനുള്ള ടെലികമ്മ്യൂണിക്കേഷൻ സെന്റർ എന്നിവ തയ്യാറാക്കിയിരുന്നു. വെണ്മണി പഞ്ചായത്തിലെ പുലക്കടവ്, വരമ്പൂർ ഭാഗത്തേക്ക് കിഴക്കൻ വെള്ളം ഇരച്ചെത്തുന്നെന്നും ജലനിരപ്പ് ഉയരുന്നു എന്നുമുള്ള വിവരം ലഭിച്ചതോടെയാണ് താലൂക്കിലെ മോക്ക് ഡ്രില്ലിന് തുടക്കമായത്. ഉടൻ തന്നെ ഇവിടെ നിന്നും ആളുകളെ വാഹനങ്ങളിൽ കയറ്റി വെണ്മണി എം.ടി.എച്ച്.എസ്.സ്‌കൂളിൽ ഒരുക്കിയ ദുരിതാശ്വാസ ക്യാമ്പിൽ എത്തിച്ചു. പ്രായമായവർ, കിടപ്പുരോഗികൾ, ഗർഭിണികൾ എന്നിവരടക്കം 29 കുടുംബങ്ങളിലെ 133 പേരെയാണ് സുരക്ഷിതമായി ക്യാമ്പിലേക്ക് മാറ്റിയത്. കൊവിഡ് ബാധിതർക്കായി ക്യാമ്പിൽ പ്രത്യേക ഐസോലേഷൻ സംവിധാനവും ഒരുക്കിയിരുന്നു. പനിയുടെ ലക്ഷണങ്ങൾ കാണിച്ചവരെയെല്ലാം കൊവിഡ് പരിശോധന നടത്തിയാണ് ക്യാമ്പിൽ പാർപ്പിച്ചത്. ചെങ്ങന്നൂർ ജില്ലാ ആശുപത്രിയുടെ നേതൃത്വത്തിലുള്ള പ്രത്യേക മെഡിക്കൽ സംഘമാണ് പരിശോധന നടത്തിയത്. ചെങ്ങന്നൂർ ആർ.ഡി.ഒ.എസ്.സുമ,തഹസിൽദാർ എം.ബിജുകുമാർ അടക്കമുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് മോക്ക് ഡ്രിൽ സംഘടിപ്പിച്ചത്.