കോന്നി: നൂറാം വയസിലും കാർഷികവൃത്തി തുടരുന്ന വകയാർ കൊല്ലൻപടി ഇടത്തറമണ്ണിൽ പുത്തൻവീട്ടിൽ വാസുവിന് അനുമോദനപ്രവാഹം. മൂത്രാശയ സംബന്ധമായ രോഗത്തെ തുടർന്ന് മൂത്രം പോകുവാനുള്ള ബാഗ് ശരീരത്തിൽ ഘടിപ്പിച്ച് കൃഷിപ്പണികൾ ചെയ്യുന്ന വാസുവിനെക്കുറിച്ചുള്ള വാർത്ത കഴിഞ്ഞ ദിവസം കേരളകൗമുദി പ്രസിദ്ധീകരിച്ചിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ട കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് വാസുവിനെയും മകൾ വിമലയെയും ഫോണിൽ വിളിച്ച് അനുമോദനം അറിയിച്ചു. സ്ഥലത്തെ പ്രവാസി വ്യവസായി വീട്ടിലെത്തി കാഷ് അവാർഡ് നൽകി. അരുവാപ്പുലം പഞ്ചായത്തിലെ ഏറ്റവും മുതിർന്ന കർഷകനായ ഇദ്ദേഹത്തെ സംസ്ഥാന സർക്കാർ ആദരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.