kuuttithevank-

കോന്നി: മുരിങ്ങമംഗലം ക്ഷേത്രക്കടവിൽ കണ്ടെത്തിയ കുട്ടിത്തേവാങ്കിനെ വനപാലകരെത്തി വനത്തിൽ വിട്ടു. വലിപ്പം കുറഞ്ഞ വാനര വിഭാഗത്തിൽപ്പെട്ട ജീവിയാണ് കുട്ടിത്തേവാങ്ക്. രാത്രി കാലത്ത് മാത്രം ഇവ ആഹാരം തേടുന്നു. പകൽ ഇരുണ്ട പ്രദേശത്ത് ഒളിച്ചുകഴിയും. മിക്കവാറും മരത്തിൽ തന്നെയാവും കഴിയുന്നത്. ഉരുണ്ട വലിയ കണ്ണും മെലിഞ്ഞ കൈകാലുകളും സവിശേഷതകളാണ്. രോമങ്ങൾ നിറഞ്ഞ ശരീരം പട്ടു പോലെയും ഏറെക്കുറേ ഇരുണ്ടതുമാണ്. മുന്നിലേക്ക് തുറിച്ചു നോക്കുന്ന ഉരുണ്ട മിഴികളും, വെളുത്ത മുഖവും, മുന്നോട്ട് നീണ്ട മൂക്കും കുട്ടിത്തേവാങ്കിനെ വാനരജീവികളിൽ വ്യത്യസ്തനാക്കുന്നു. കണ്ണിനു ചുറ്റുമായി തവിട്ട് നിറമുള്ള വലയമുണ്ട്. വാലില്ല . ശരാശരി രണ്ടടി നീളവും നാലു കിലോഗ്രാം തൂക്കവുമുണ്ടാകും. ഒറ്റയ്ക്കോ ഇരട്ടയായോ ആണ് സഞ്ചരിക്കുന്നത്. മിശ്രഭുക്കുകളാണ്. ഇലകളും പഴങ്ങളും ഷഡ്പദങ്ങളെയും ചില ഉരഗങ്ങളേയും ഇവ ഭക്ഷിക്കും. ഇരയെ സാവധാനം സമീപിച്ച് രണ്ടു കൈകൾ കൊണ്ടും പൊടുന്നനെ പിടികൂടുന്നതാണ് രീതി.