n

പത്തംതിട്ട: മല്ലപ്പള്ളിയിൽ മോക്ഡ്രില്ലിനിടെ ഉണ്ടായ ദാരുണ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഇനി മുതൽ മോക്ഡ്രില്ലിൽ പരിശീലനം ലഭിക്കാത്തവരെ വിലക്കും. മോക്ഡ്രില്ലിന് തിരഞ്ഞെടുത്ത ബിനുസോമൻ അടക്കമുളള നാല് പേർക്ക് ആവശ്യമായ പരിശീലനം ലഭിച്ചിരുന്നില്ലെന്ന് വ്യക്തമായിരുന്നു. മുങ്ങൽ പരിശീലനം ലഭിച്ച സിവിൽ ഡിഫൻസ് അംഗങ്ങൾ ഉണ്ടായിട്ടും മോക്ഡ്രില്ലിന് നാട്ടുകാരെ തേടിപ്പിടിക്കുകയായിരുന്നു. സംഭവത്തെപ്പറ്റി ജില്ലാ ദുരന്തനിവാരണ വിഭാഗം അന്വേഷണം ആരംഭിച്ചു. ബിനു തോമസിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് കൂടി ലഭിച്ച ശേഷം തുടർ നടപടി സ്വീകരിക്കും. മല്ലപ്പള്ളി പടുതോട് കടവിൽ മോക് ഡ്രില്ലിനിടെ യുവാവ് മുങ്ങിമരിക്കാൻ ഇടയായത് മുൻകരുതലുകൾ എടുക്കാതിരുന്നതിനാലാണെന്ന ആക്ഷേപം ശക്തമായി. പ്രളയ ദുരന്തങ്ങളിൽ രക്ഷാപ്രവർത്തനം നടത്താനായി നടത്തിയ മോക്ഡ്രില്ലിന് പരിശീലനം ലഭിക്കാത്തവരെ വെള്ളത്തിലിറക്കിയതിൽ പരക്കെ പ്രതിഷേധമുയർന്നു.

എെ.ആർ.എസ് (ഇൻസെൻഡ് റെസ്പോൺസ് സിസ്റ്റം) നിഷ്കർഷിക്കുന്ന മാനദണ്ഡം പാലിക്കാതെയാണ് മോക്ഡ്രിൽ നടന്നതെന്ന് വിമർശനമുയർന്നിട്ടുണ്ട്. പരിശീലനത്തിനിടെ അപകടം സംഭവിച്ചാൽ സ്വീകരിക്കേണ്ട പ്രാഥമിക സൗകര്യങ്ങൾ ഏർപ്പെടുത്തിയില്ല. അടിസ്ഥാന സുരക്ഷാ ക്രമീകരണങ്ങളുമുണ്ടായിരുന്നില്ല. മല്ലപ്പള്ളിയിൽ വെളളത്തിലിറങ്ങാൻ ആളുകളെ തേടിപ്പിടിക്കുകയായിരുന്നു. മരണമടഞ്ഞ ബിനു സോമൻ, ഒപ്പം വെള്ളത്തിലിറങ്ങിയ ബിജു നൈനാൻ, മോൻസി, ജിജോ എന്നിവർക്ക് വെള്ളത്തിൽ മുങ്ങിത്താഴുന്നതായി അഭിനയിക്കാനുള്ള ശാരീരിക ശേഷിയുണ്ടോ എന്നു പരിശോധിച്ചിരുന്നില്ല. ബിനുസോമൻ മുങ്ങിയ ശേഷം രക്ഷിയ്ക്കാൻ കൈകൾ ഉയർത്തിയപ്പോൾ അഭിനയമാണെന്നു കരുതി സംഘാടകർ ഗൗരവത്തിലെടുത്തില്ല. ദുരന്ത നിവാരണ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്ന മോക്ഡ്രില്ലിൽ എൻ.ഡി.ആർ.എഫ് അംഗങ്ങൾ, ഫയർഫോഴ്സ്, റവന്യു, എൻ.സി.സി റവന്യു വിഭാഗങ്ങളാണ് പങ്കെടുത്തത്.

മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു

മോക്ക് ഡ്രില്ലിനിടയിൽ യുവാവ് മുങ്ങി മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മേധാവിയും ജില്ലാ കളക്ടറും ദുരന്തം ഉണ്ടാകാനിടയായ സാഹചര്യം പരിശോധിച്ച് 15 ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു.
ബിനു 45 മിനിറ്റോളം വെള്ളത്തിനടിയിൽ മുങ്ങിക്കിടന്നതായി പരാതിയിൽ പറയുന്നു. യഥാസമയം ദുരന്ത നിവാരണ സേന എത്തിയിരുന്നെങ്കിൽ രക്ഷിക്കാമായിരുന്നുവെന്നും മനുഷ്യാവകാശ പ്രവർത്തകനായ ഡോ. ഗിന്നസ് മാടസാമി സമർപ്പിച്ച പരാതിയിൽ പറയുന്നു. റിപ്പോർട്ട് ലഭിച്ചശേഷം കമ്മിഷൻ മേൽ നടപടികൾ സ്വീകരിക്കും.