ചെങ്ങന്നൂർ: മലങ്കര ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസനത്തിന്റെ രണ്ടാമത്തെ മെത്രാപ്പോലീത്തയായി നിയമിതനായ ഡോ.മാത്യൂസ് മാർ തീമോത്തിയോസിന്റെ സ്ഥാനാരോഹണ ശുശ്രൂഷ ഇന്ന് വൈകിട്ട് 3ന് ബഥേൽ അരമനയിൽ നടക്കും നടക്കും. ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമ്മികത്വം വഹിക്കും. ഉച്ചയ്ക്ക് 2ന് ഓതറ ദയറായിൽ ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തായായിരുന്ന തോമസ് മാർ അത്താനാസിയോസിന്റെ കബറിങ്കൽ മാർ തീമോത്തിയോസ് ധൂപപ്രാർത്ഥന നടത്തും. തുടർന്ന് കാതോലിക്കാ ബാവായുടെ മുഖ്യകാർമ്മികത്വത്തിൽ സുന്ത്രോണീസോ ശുശ്രൂഷ (സ്ഥാനാരോഹണം) നടക്കും. വൈകിട്ട് 4 ന് ബഥേൽ അരമന ഒാഡിറ്റോറിയത്തിൽ നടക്കുന്ന അനുമോദന യോഗം കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും.
കുറിയാക്കോസ് മാർ ക്ലീമിസ് അദ്ധ്യക്ഷത വഹിക്കും. ഡോ.തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ, റവ. തോമസ് മാർ തീമോത്തിയോസ് എപ്പിസ്കോപ്പ, ബിഷപ്പ് സിൽവസ്റ്റർ പൊന്നു മുത്തൻ, ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പൊലീത്താ, ഡോ.ഏബ്രഹാം മാർഎപ്പിഫാനിയോസ്, ഗീവർഗീസ് മാർ പീലക്സിനോസ്, കൊടിക്കുന്നിൽ സുരേഷ് എം.പി., സജി ചെറിയാൻ എം.എൽ.എ, അക്കീരമൺ കാളിദാസ ഭട്ടതിരി, വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് അമയിൽ എന്നിവർ പ്രസംഗിക്കും. ഉപഹാര സമർപ്പണവും, ഭിന്നശേഷി കുട്ടികൾക്കു വേണ്ടിയുള്ള സ്പെഷ്യൽ സ്കൂൾ പദ്ധതിയുടെ ഉദ്ഘാടനവും കാതോലിക്കാ ബാവാ നിർവഹിക്കുമെന്ന് ഭദ്രാസന സെക്രട്ടറി ഫാ.മാത്യു ഏബ്രഹാം കാരയ്ക്കൽ, ഫാ. രാജൻ വർഗീസ്, ഫാ.ബിജു ടി. മാത്യു, വി ജെ ചാക്കോ, മാത്യു ജേക്കബ്, ബിജു മാത്യു, സിബി മത്തായി, ഫാ. ജോയ് മാത്യു എന്നിവർ അറിയിച്ചു