
2022ൽ ലോകമാകെ ശ്രദ്ധിച്ച ഇലന്തൂർ നരബലി ജില്ലയ്ക്ക് മാനക്കേടുണ്ടാക്കി. പുരോഗമന കേരളത്തിലുണ്ടായ നരബലി പൊതുസമൂഹത്തെയാകെ ഞെട്ടിച്ചു . ഇലന്തൂർ കടകംപള്ളി വീട്ടിൽ ഭഗവൽസിംഗ് , ഭാര്യ ലൈല, കൂട്ടാളി മുഹമ്മദ് ഷാഫി എന്നിവരാണ് നരബലി കേസിലെ പ്രതികൾ. ഒക്ടോബർ 11ന് കൊച്ചി പൊലീസിലെ അന്വേഷണ സംഘം പ്രതികളുമായി ഇലന്തൂരിലേക്ക് തിരിച്ചപ്പോഴാണ് സംഭവം പുറംലോകം അറിഞ്ഞത്. അന്ധവിശ്വാസത്തിന്റെ പേരിൽ പദ്മ, റോസ്ലിൻ എന്നിവരെ ഭഗവൽസിംഗിന്റെ വീട്ടിൽ വച്ച് ജീവനോടെ വെട്ടിനുറുക്കിയ സംഭവം സമൂഹത്തിൽ അമ്പരപ്പും ഭീതിയും സൃഷ്ടിച്ചു. ഐശ്വര്യത്തിനും ധനസമാഹരണത്തിനുമാണ് നരബലി നടത്തിയതെന്ന് പ്രതികൾ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. മനുഷ്യമാസം കറിവച്ച് കഴിച്ചെന്ന കുറ്റ സമ്മത മൊഴി അപൂർവ കേസായണ് പൊലീസ് അന്വേഷിച്ചത്. കുറ്റപത്രം തയ്യാറാക്കി. നൂറ്റൻപതോളം സാക്ഷികളുണ്ട്. ദൃക്സാക്ഷികളില്ലാത്തതിനാൽ ശാസ്ത്രീയ തെളിവുകളും സി.സി.ടി.വി ദൃശ്യങ്ങളുമാണ് അന്വേഷണത്തെ സഹായിച്ചത്.