s
മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാർമ്മികത്വത്തിൽ തുറന്നപ്പോൾ

മകരസംക്രമ പൂജയും തിരുവാഭരണ ചാർത്തും മകരജ്യോതിയും 14ന്

ശബരിമല:മണ്ഡലകാലത്തിന് ശേഷം അടച്ച പൊന്നമ്പല നട ശരണാരവങ്ങൾ ഭക്തിസാന്ദ്രമാക്കിയ അന്തരീക്ഷത്തിൽ മകരവിളക്ക് മഹോത്സവത്തിനായി ഇന്നലെ വൈകിട്ട് 5ന് തന്ത്രി കണ്ഠരര് രാജീവരര് തുറന്ന് ശ്രീലകത്ത് ദീപം തെളിച്ചു. തുടർന്ന് മാളികപ്പുറം ക്ഷേത്രനട തുറക്കാൻ മേൽശാന്തി ഹരിഹരൻ നമ്പൂതിരിക്ക് താക്കോലും ഭസ്മവും നൽകി. സന്നിധാനം മേൽശാന്തിയുടെ ചുമതലയുള്ള നാരായണൻ നമ്പൂതിരി ആഴി തെളിച്ചതിനു ശേഷം ഭക്തരെ പതിനെട്ടാംപടി കയറാൻ അനുവദിച്ചു.

മകരവിളക്ക് തീർത്ഥാടന കാലത്തെ പൂജകൾ ഇന്ന് പുലർച്ചെ 3ന് നിർമ്മാല്യത്തിനു ശേഷം ആരംഭിക്കും. മകരസംക്രമ പൂജയും തിരുവാഭരണ ചാർത്തും മകരജ്യോതിയും 14നാണ്. എരുമേലി പേട്ടതുള്ളൽ 11ന് നടക്കും. തിരുവാഭരണ ഘോഷയാത 12ന് പന്തളത്ത് നിന്ന് പുറപ്പെടും. 13ന് പമ്പവിളക്കും പമ്പസദ്യയും. മകരവിളക്കിന് ശേഷം സന്നിധാനത്ത് പടിപൂജ ആരംഭിക്കും. 19വരെ സന്നിധാനത്ത് പുഷ്പാഭിഷേകം നടക്കും. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ വകയായാണ് അവസാന പുഷ്പാഭിഷേകം. മകരവിളക്ക് കാലത്തെ നെയ്യഭിഷേകം 18ന് പൂർത്തിയാക്കും. തീർത്ഥാടനത്തിനു സമാപനം കുറിച്ച് 19ന് മാളികപ്പുറത്ത് വലിയ ഗുരുതി നടക്കും. പന്തളത്തുനിന്ന് എത്തുന്ന രാജപ്രതിനിധിക്ക് മാത്രമാണ് 20ന് രാവിലെ ദർശനം. തുടർന്ന് രാവിലെ 7ന് നടയടയ്ക്കും. ആചാരപരമായ ചടങ്ങുകൾ പൂർത്തിയാക്കി പന്തളം രാജപ്രതിനിധി രാജരാജവർമ്മയുടെ നേതൃത്വത്തിൽ തിരുവാഭരണങ്ങളുമായി പരമ്പരാഗത കാനനപാതയിലൂടെ പന്തളത്തേക്ക് മടങ്ങും.