kattana-
കരുമ്പൻമൂഴിയിൽ കാട്ടാന നശിപ്പിച്ച കൃഷി

റാന്നി: നാറാണംമൂഴി, വെച്ചൂച്ചിറ പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന കരുമ്പൻമൂഴി കോസ്‌വേയ്ക്ക് സമീപം കാട്ടാന കൃഷി നശിപ്പിച്ചു. വനാതിർത്തിയിലുള്ള കരുമ്പൻമൂഴി മേഖലയിൽ നിന്ന് കഴിഞ്ഞ ദിവസം വൈകിട്ടോടെ ഇറങ്ങിയ കാട്ടാനയെ വെളുപ്പിനാണ് വനത്തിലേക്ക് കയറ്റിവിടാൻ കഴിഞ്ഞത്. വനപാലകരും പ്രദേശവാസികളും പടക്കം പൊട്ടിച്ചിട്ടും ആന കുരുമ്പൻമൂഴി വെച്ചൂച്ചിറ ഭാഗത്തു നിലയുറപ്പിക്കുകയായിരുന്നു. ഏറെ പണിപ്പെട്ടാണ് മറുകരയിൽ എത്തിച്ചത്. പുഴയോട് ചേർന്ന പ്രദേശങ്ങളിലെ കൃഷി വകകൾ കാട്ടാന നശിപ്പിച്ചു. മേഖലയിൽ കാട്ടുപന്നിയുടെയും മറ്റു വന്യ മൃഗങ്ങളുടെയും ശല്യം ഏറി വരികയാണ്. മഴ കുറഞ്ഞതോടെ വനത്തിൽ വെള്ളം കിട്ടാതെ വരുന്നതിനാൽ ആനയുൾപ്പടെയുള്ള മൃഗങ്ങൾ കൂട്ടത്തോടെ ഇവിടെ എത്താറുണ്ട്. പുഴകടന്ന് ജനവാസ മേഖലയിലേക്ക് വന്യ മൃഗങ്ങൾ എത്താതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് കർഷകരുടെയും നാട്ടുകാരുടെയും ആവശ്യം. സന്ധ്യ മയങ്ങിയാൽ വീടുകളുടെ വെളിയിൽ ഇറങ്ങാൻ ഭയമാണെന്നാണ് കരുമ്പൻമൂഴിനിവാസികൾ പറയുന്നത്.