നിർമ്മിക്കുന്നത് ഗൃഹനിർമ്മാണത്തിനാവശ്യമായ സാമഗ്രികൾ
ചെങ്ങന്നൂർ: കേരളത്തിലാദ്യമായി സ്വകാര്യമേഖലയിൽ ഗൃഹനിർമ്മാണത്തിനാവശ്യമായ സാമഗ്രികൾ നിർമ്മിക്കുന്ന കമ്പനി വെണ്മണിയിൽ ആരംഭിക്കുന്നു. പ്രരംഭഘട്ടത്തിൽ പത്ത് കോടി മുതൽമുടക്കി കിച്ചു സ്റ്റീൽ പ്രെവറ്റ് ലിമിറ്റഡ് എന്ന പേരിലാണ് സ്ഥാപനം ആരംഭിക്കുന്നത്. ഇന്ന് വൈകിട്ട് 3ന് വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. സജിചെറിയാൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. വീടുകളുടെ മേൽക്കൂര നിർമ്മാണത്തിനാവശ്യമായ സ്ക്വയർ ട്യൂബുകളും പൈപ്പുകളും സ്റ്രെയിൻലസ് സ്റ്റീൽ, എം.എസ്, ജി.ഐ എന്നീ മെറ്റീരിയലുകളുമാണ് നിർമ്മിക്കുന്നത്. കഴിഞ്ഞ എട്ടുവർഷത്തിലേറെയായി വെണ്മണിയിൽ ക്രഷർയൂണിറ്റ് വിജയകരമായി നടത്തിക്കൊണ്ടിരിക്കുന്ന മുതിരക്കാലയിൽ ടി.വി വിജയകുമാറാണ് പുതിയ സംരംഭം ആരംഭിക്കുന്നത്. നിലവിൽ ഇത്തരം ഉത്പന്നങ്ങൾ കേരളത്തിലെത്തുന്നത് കർണാടക ഉൾപ്പടെയുളള അയൽ സംസ്ഥാനങ്ങളിൽ നിന്നാണ്. ദിനംപ്രതി 100ടൺ ഉത്പാദനമാണ് ലക്ഷ്യം. കേരളത്തിൽ ഇത്തരത്തിൽ ഒരു സംരംഭം തുടങ്ങുക എന്നത് തന്റെ സ്വപ്നമായിരുന്നെന്നും കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപ്പറേഷന്റെ സാമ്പത്തിക സഹായം ലഭിച്ചതോടെ
മറ്റ് തടസങ്ങളൊന്നുമില്ലാതെ കമ്പനിആരംഭിക്കാൻ കഴിഞ്ഞെന്നും മാനേജിംഗ് ഡയറക്ടർ ടി.വി വിജയകുമാർ പറഞ്ഞു. കമ്പനിയുടെ പ്രവർത്തനം പൂർണ്ണതോതിൽ ആരംഭിക്കാൻ 25കോടിയുടെ മൂലധനം വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.