പത്തനംതിട്ട : പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിൽ ജില്ലയിലുള്ള സ്ഥലങ്ങൾ കൈയേറുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മന്ത്രി വീണാ ജോർജ് നിർദേശിച്ചു. ജില്ലാ വികസന സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഇത്തരം കൈയേറ്റങ്ങൾ നാടിന്റെ വികസനത്തെയാണ് തടസപ്പെടുത്തുന്നത്. ജില്ലയിലെ സ്ഥിതി പരിശോധിക്കണമെന്ന് പൊതുമരാമത്ത് നിരത്തു വിഭാഗം എക്‌സിക്യുട്ടീവ് എൻജിനിയർക്ക് മന്ത്രി നിർദേശം നൽകി. റോഡ് വികസനത്തിന് സൗജന്യമായി ജനങ്ങൾ നൽകിയ സ്ഥലങ്ങൾ പോലും കൈയേറിയിട്ടുണ്ടെന്നും ഇത് ഒഴിപ്പിക്കണമെന്നും അഡ്വ. മാത്യു ടി തോമസ് എം.എൽ.എ പറഞ്ഞു. എല്ലാ കൈയേറ്റങ്ങളും ഒഴിപ്പിക്കണമെന്നും കൈയേറ്റക്കാർക്ക് ശക്തമായ നടപടിയിലൂടെ സന്ദേശം നൽകണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ പറഞ്ഞു.
ബഫർസോണുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ പറഞ്ഞു.

കാട്ടാത്തികോട്ടാമ്പാറ ആദിവാസി കോളനി വികസനവുമായി ബന്ധപ്പെട്ട പ്രവൃത്തികളുടെ എസ്റ്റിമേറ്റ് വേഗത്തിൽ തയാറാക്കണമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എയുടെ പ്രതിനിധി വിഷ്ണു പറഞ്ഞു. എ.ഡി.എം ബി. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പ്ലാനിംഗ് ഓഫീസർ സാബു സി. മാത്യു, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.