അഞ്ചൽ: കെ.എസ്.ആർ.ടി.സി കുളത്തൂപ്പുഴ ഡിപ്പോയിൽ നിന്ന് അഞ്ചൽ, പുനലൂർ,അടൂർ, വഴി കായംകുളത്തേക്ക് ഫാസ്റ്റ് പാസഞ്ചർ സർവീസ് ആരംഭിക്കണമെന്ന യാത്രക്കാരുടെ ആവശ്യം ശക്തമാകുന്നു. മുൻപ് കായംകുളം ഡിപ്പോയിൽ നിന്ന് ഒരു ഓർഡിനറി ബസും ഒരു ലോ ഫ്ളോർ ഓർഡിനറി ബസും ഈ റൂട്ടിൽ സർവീസ് നടത്തിയിരുന്നെങ്കിലും പിന്നീട് നിറുത്തലാക്കി. ഓർഡിനറി സർവീസ് രാവിലെ അഞ്ചൽ വരെയും ഉച്ചയ്ക്ക് കുളത്തൂപ്പുഴ വരെയുമായിരുന്നു സർവീസ് നടത്തിയിരുന്നത്. അഞ്ചൽ, പുനലൂർ ഭാഗങ്ങളിൽ നിന്നുള്ളവർക്ക് രാവിലെയും വൈകിട്ടും ഓഫീസ് സമയം ക്രമീകരിച്ചുള്ള യാത്രയ്ക്ക് ഈ സർവീസ് ഏറെ പ്രയോജനമായിരുന്നു.
അപേക്ഷ നൽകിയിട്ടും നടപടിയില്ല
കായംകുളം - അടൂർ- പുനലൂർ റൂട്ടിൽ ഒരു ഫാസ്റ്റ് പാസഞ്ചർ സർവീസ് മുൻപ് ഉണ്ടായിരുന്നെങ്കിലും അതും ഇപ്പോൾ ഇല്ല. കുളത്തൂപ്പുഴ, കായംകുളം ഡിപ്പോകളിൽ നിന്ന് ഓരോ ഫാസ്റ്റ് പാസഞ്ചർ സർവീസുകൾ ആരംഭിച്ചാൽ ഇരു ഭാഗങ്ങളിലേക്കുമുള്ള യാത്രക്കാർക്ക് അത് ഏറെ പ്രയോജനം ചെയ്യും. നിലവിൽ കുളത്തൂപ്പുഴ, അഞ്ചൽ പ്രദേശങ്ങളിലുള്ള യാത്രക്കാർക്ക് അടൂർ, കായംകുളം റൂട്ടിൽ സഞ്ചരിക്കാൻ പുനലൂരിലെത്തണം. എന്നാൽ പുനലിരിൽ നിന്ന് ഓഫീസ് സമയങ്ങളിൽ ഓർഡിനറി സർവീസുകൾ മാത്രമാണുള്ളത്. ചിലപ്പോൾ മണിക്കൂറുകളോളം കാത്തിരിക്കേണ്ട അവസ്ഥയുണ്ടെന്നും യാത്രക്കാർ പരാതിപ്പെടുന്നു.
യാത്രക്കാർ നിരവധി തവണ കെ.എസ്.ആർ.ടി.സി അധികൃതർക്ക് അപേക്ഷ നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ല. അടിയന്തരമായി ബസ് സർവീസ് ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.