കൊല്ലം: മണ്ണിന്റെ ബലക്കുറവിനെ തുടർന്ന് എൻ.ജി.ഒ ക്വാർട്ടേഴ്സിൽ ജില്ലാ കോടതി സമുച്ചയം നിർമ്മിക്കാനുള്ള നടപടികൾ നീളുന്ന സാഹചര്യത്തിൽ തേവള്ളി ജി.ഒ ക്വാർട്ടേഴ്സ് പരിഗണിക്കാൻ നിർദേശം.
കോടതി സമുച്ചയത്തിന്റെ എസ്റ്റിമേറ്റ് വൈകുന്ന പശ്ചാത്തലത്തിൽ ചേർന്ന ഓൺലൈൻ യോഗത്തിൽ ഹൈക്കോടതി രജിസ്ട്രാറാണ് പുതിയ നിദേശം മുന്നോട്ടുവച്ചത്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ നിലപാട് നിർണായമാകും.
എൻ.ജി.ഒ ക്വാർട്ടേഴ്സ് വളപ്പിൽ 65 കോടി ചെലവിൽ ഗ്രൗണ്ട് ഫ്ലോറിന് പുറമേ അഞ്ച് നിലകളുള്ള കോടതി സമുച്ചയം പൂർത്തിയാക്കാമെന്നായിരുന്നു ആദ്യ പ്രതീക്ഷ. ഇതുപ്രകാരം അടിസ്ഥാനം, ഗ്രൗണ്ട് ഫ്ലോർ എന്നിവയുടെ നിർമ്മാണത്തിന് പത്ത് കോടിയുടെ ഭരണാനുമതി സർക്കാർ നൽകിയിരുന്നു. മണ്ണ് പരിശോധനയിൽ ആറുനില കെട്ടിടത്തിന്റെ അടിസ്ഥാന നിർമ്മാണത്തിന് മാത്രം 40 കോടിയോളം വേണ്ടിവരുന്ന അവസ്ഥയായി. ഇതോടെ സമുച്ചയത്തിന്റെ ആകെ എസ്റ്റിമേറ്റ് 146 കോടിയായി. ഈ തുക പ്രകാരമുള്ള പുതിയ ഭരണാനുമതി ലഭിച്ചെങ്കിലും ഭാരിച്ച തുകയായതിനാൽ സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചില്ല. നടപടി നീളുന്നതിനിടയിലാണ് പുതിയ നിർദേശം വന്നത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട തുടർ നടപടികളായിട്ടില്ല.
115 കോടിയുടെ പുതിയ എസ്റ്റിമേറ്റ്
146 കോടിയുടെ എസ്റ്റിമേറ്റ് സർക്കാർ കൈവിട്ട സാഹചര്യത്തിൽ 115 കോടിയുടെ പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കിയിരിക്കുകയാണിപ്പോൾ. കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിർദേശ പ്രകാരം എൻ.ജി.ഒ ക്വാർട്ടേഴ്സ് ഭൂമിയിലെ മണ്ണ് കൂടുതൽ ബലപ്പെടുത്തി കൂടുതൽ ആഴത്തിലുള്ള പൈലിംഗ് ഒഴിവാക്കിയുള്ളതാണ് പുതിയ എസ്റ്റിമേറ്റ്. ഈ എസ്റ്റിമേറ്റും സർക്കാർ അംഗീകരിച്ചില്ലെങ്കിൽ ഹൈക്കോടതി രജിസ്ട്രാറുടെ നിർദേശം പോലെ തേവള്ളി ജി.ഒ ക്വാട്ടേഴ്സിൽ കോടതി സമുച്ചയം നിർമ്മിക്കുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടി വരും.
ഫ്ലാറ്റ് ഡിസൈൻ ഉടൻ
കോടതി സമുച്ചയത്തിനായി പൊളിച്ചുനീക്കിയ എൻ.ജി.ഒ ക്വാട്ടേഴ്സിന്റെ ഒരുവശത്ത് ജീവനക്കാർക്കായി നിർമ്മിക്കുന്ന ഫ്ലാറ്റുകളുടെ ഡിസൈൻ ഉടൻ തീരുമാനിക്കും. 26 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
ജീവനക്കാർക്കുള്ള ഫ്ലാറ്റ് തേവള്ളി ജി.ഒ ക്വാട്ടേഴ്സിലേക്ക് മാറ്റി എൻ.ജി.ഒ ക്വാട്ടേഴ്സ് ഭൂമി പൂർണമായും കോടതി സമുച്ചയത്തിന് വിട്ടുനൽകണം.
അഭിഭാഷകർ