photo
കൊട്ടാരക്കരയിലെ കെ.ഐ.പി ആസ്ഥാനം

കൊല്ലം: കൊട്ടാരക്കര നഗരസഭയ്ക്ക് ആസ്ഥാന മന്ദിരമായി കല്ലട ഇറിഗേഷൻ വക കെട്ടിട സമുച്ചയം വിട്ടുകൊടുത്തേക്കും. അതിനായി ആലോചനകൾ തുടങ്ങി. ചന്തമുക്കിൽ നഗരസഭ ആസ്ഥാനമന്ദിരവും ഷോപ്പിംഗ് കോംപ്ളക്സും നിർമ്മിക്കാനുള്ള നീക്കം കൂടുതൽ നിയമക്കുരുക്കിലേക്ക് നീങ്ങിയതോടെ തടസപ്പെട്ടിരുന്നു.

മന്ത്രി ഇടപെട്ടു

ചന്തമുക്കിൽ പാർക്കിംഗ് ഗ്രൗണ്ടായി ഉപയോഗിക്കുന്ന ഭൂമിയിൽ കെട്ടിടം നിർമ്മിക്കുന്നത് പട്ടണത്തിന് കൂടുതൽ വീർപ്പുമുട്ടുണ്ടാക്കുമെന്ന പൊതു വിലയിരുത്തലിന് ശേഷമാണ് പുതിയ സ്ഥലത്തെപ്പറ്റി ആലോചന തുടങ്ങിയത്. നേരത്തെ കെ.ഐ.പി വക ഭൂമി വിട്ടുകിട്ടാൻ ശ്രമിച്ചിരുന്നുവെങ്കിലും നടന്നില്ല. ഇപ്പോൾ മന്ത്രി കെ.എൻ.ബാലഗോപാൽ ഊർജ്ജിതമായി ഇടപെട്ടതോടെയാണ് അനുകൂല സാഹചര്യങ്ങൾ ഒരുങ്ങുന്നത്.

കെ.ഐ.പിയുടെ വിശാലമായ കെട്ടിടം

കെ.ഐ.പിയുടെ ആസ്ഥാന മന്ദിരം വിശാലമായ കെട്ടിടമാണ്. എന്നാൽ ഇതിന്റെ മിക്കഭാഗങ്ങളും ഒഴിഞ്ഞു കിടക്കുകയാണ്. കെ.ഐ.പിയ്ക്ക് വലിയ തോതിൽ ഓഫീസ് പ്രവർത്തിപ്പിക്കേണ്ട സാഹചര്യവും ഇല്ല. ഈ നിലയിലാണ് കെട്ടിട സമുച്ചയം നഗരസഭ ഏറ്റെടുക്കുന്നതിനുള്ള ആലോചനകൾ തുടങ്ങിയിട്ടുള്ളത്. കെ.ഐ.പിയ്ക്ക് പ്രവർത്തിക്കാൻ ഇതേ കോമ്പൗണ്ടിലെ ചെറു കെട്ടിടങ്ങൾ മതിയാകുമെന്നാണ് കണക്കുകൂട്ടുന്നത്. നിരവധി കെട്ടിടങ്ങളും ക്വാർട്ടേഴ്സുകളുമൊക്കെ ഇവിടെ ഉപയോഗ ശൂന്യമായി കിടപ്പുണ്ട്.

സാംസ്കാരിക നിലയവും ഇവിടേക്ക്

മന്ത്രി കെ.എൻ.ബാലഗോപാൽ കൊട്ടാരക്കരയിൽ സാംസ്കാരിക നിലയം സ്ഥാപിക്കാൻ ആദ്യ ഘട്ടമെന്ന നിലയിൽ 2 കോടി രൂപ ബഡ്ജറ്റിൽ ഉൾപ്പെടുത്തി അനുവദിച്ചിരുന്നു. 1000 പേർക്ക് ഇരിക്കാവുന്ന വിശാലമായ ഓഡിറ്റോറിയം അടങ്ങുന്നതാണ് സാംസ്കാരിക നിലയം. അതിന് അനുയോജ്യമായ ഭൂമി കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. കെ.ഐ.പി വക ഉപയോഗമില്ലാതെ കിടക്കുന്ന ഏക്കറു കണക്കിന് ഭൂമിയിൽ നിന്നും സാംസ്കാരിക നിലയത്തിനുള്ള ഭൂമി അനുവദിക്കുമെന്നാണ് സൂചന. ഇവിടെ കെട്ടിട സമുച്ചയവും അനുബന്ധ സൗകര്യങ്ങളുമൊരുക്കും.