rail

 വീണ്ടും ഭൂമി ഏറ്റെടുക്കണം

കൊല്ലം: ദേശീയപാത 66 വികസനത്തിന് കല്ലുംതാഴം റെയിൽവേ ഓവർബ്രിഡ്ജിനോട് ചേർന്ന് വീണ്ടും ഭൂമി ഏറ്റെടുക്കുന്നു. കല്ലുംതാഴത്തെ റെയിൽവേ ലൈനിന് കുറുകെ പുതുതായി നിർമ്മിക്കുന്ന മൂന്നുവരി പാലം നിലവിലെ പാലത്തിൽ നിന്ന് ആറ് മീറ്റർ അകലെയായിരിക്കണമെന്ന റെയിൽവേയുടെ കർശന നിലപാടാണ് വീണ്ടും സ്ഥലമെടുക്കേണ്ട സാഹചര്യം സൃഷ്ടിച്ചത്.

കല്ലുംതാഴം റെയിൽവേ ലൈനിന് കുറുകെ നിലവിലുള്ള പാലത്തിന്റെ വീതി വർദ്ധിപ്പിച്ച് മൂന്ന് വരിയാക്കലും കാവനാട് നിന്ന് വരുമ്പോൾ വലത് വശത്തായി പുതിയ മൂന്നുവരി പാലവുമാണ് വരുന്നത്. രണ്ട് പാലങ്ങളും തമ്മിലുള്ള അകലം രണ്ട് മീറ്റർ മാത്രമുള്ള തരത്തിലാണ് ദേശീയപാത അതോറിറ്റിയുടെ രൂപരേഖ തയ്യാറാക്കിയിരുന്നത്. എന്നാൽ ഇതിനുള്ള അനുമതിക്കായി സമീപിച്ചപ്പോൾ രണ്ട് പാലങ്ങളും തമ്മിൽ ആറ് മീറ്റർ അകലമുള്ള പുതിയ രൂപരേഖ റെയിൽവേ തിരിച്ച് നൽകുകയായിരുന്നു. ഈ രൂപരേഖ പ്രകാരം മുന്നോട്ട് പോകുമ്പോൾ കാവനാട് വരുമ്പോഴുള്ള വലത് ഭാഗത്ത് അപ്രോച്ച് റോഡിനായി മാറ്റിവച്ച സ്ഥലം കൂടി പാലം കവരും. ഇതൊഴിവാക്കാൻ ദേശീയപാത അതോറിറ്റി റെയിൽവേയോട് നിബന്ധനയിൽ ഇളവ് ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല. റെയിൽവേയുടെ രൂപരേഖ പ്രകാരം പാലം കവർന്നെടുക്കുന്ന സ്ഥലത്ത് അപ്രോച്ച് റോഡ് നിർമ്മിക്കാനാണ് സ്ഥലം ഏറ്റെടുക്കുന്നത്.

നേരിട്ട് വാങ്ങാൻ ആലോചന

വിജ്ഞാപനമിറക്കിയുള്ള സ്ഥലമേറ്റെടുക്കൽ നടപടികൾക്ക് ഏറെ കാലതാമസം ഉണ്ടാകും. അടിയന്തിര സാഹചര്യങ്ങളിൽ നേരിട്ട് ഭൂമി വാങ്ങാൻ ദേശീയപാത അതോറിറ്റിക്ക് അധികാരമുണ്ട്. ഈ അധികാരം ഉപയോഗിച്ച് ഭൂവുടമകളിൽ നിന്നും നേരിട്ട് വാങ്ങാനാണ് ആലോചന. ഇതിന്റെ ഭാഗമായി ദേശീയപാത അതോറിറ്റി അധികൃതർ വരും ദിവസങ്ങളിൽ ഭൂവുടമകളുമായി ചർച്ച നടത്തും. ഭൂവുടമകളുടെ നിലപാട് അനുകൂലമല്ലെങ്കിൽ സ്ഥലമേറ്റെടുക്കൽ നടപടികളിലേക്ക് കടക്കും. ദേശീയപാത അതോറിറ്റി ഇവിടെ അപ്രോച്ച് റോഡ് വേണ്ടെന്ന് തീരുമാനിച്ചാൽ പ്രദേശവാസികളുടെ വഴിയടയുന്ന സാഹചര്യം ഉണ്ടാകും.

റോഡുകൾ പത്തുവരി

66 ന്റെ വികസനത്തിൽ റോഡുകളിൽ ആറുവരിപ്പാതയ്ക്ക് പുറമേ ഇരുവശങ്ങളിലും ഏഴ് മീറ്റർ വീതിയിൽ രണ്ട് വരി സർവീസ് റോഡ് കൂടി ഉണ്ടാകും. അങ്ങനെ പത്ത് വരിപ്പാതയാണ് ആകെ വരുന്നത്. എന്നാൽ പാലങ്ങളിൽ സർവീസ് റോഡുണ്ടാകില്ല.

കാവനാട് നിന്ന് വരുമ്പോഴുള്ള വലത് ഭാഗത്ത് പാലത്തിന്റെ ഇരുദിശകളിലും 400 മീറ്റർ വീതം വീതിയിൽ മൂന്ന് മുതൽ നാല് മീറ്റർ വീതിയിലാണ് ഭൂമി ഏറ്റെടുക്കേണ്ടത്. ഏകദേശം ഒരേക്കർ ഭൂമിയാണ് ആകെ വേണ്ടത്.

ദേശീയപാത അധികൃതർ