 
നിർമ്മാണത്തിന് 11.28 കോടി രൂപ
കൊല്ലം: കൊട്ടാരക്കര കുളക്കടയിൽ നിർമ്മിക്കുന്ന ചെട്ടിയാരഴികത്തുകടവ് പാലം പൂർത്തീകരണത്തിലേക്ക്. 2023 ജനുവരിയിൽ നിർമ്മാണം പൂർത്തിയാക്കും. പുതുവർഷ സമ്മാനമായിത്തന്നെ പാലം നാടിന് സമർപ്പിക്കും. കൊല്ലം- പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന തരത്തിലാണ് പാലം പൂർത്തിയാകുന്നത്. കുളക്കട ഗ്രാമപഞ്ചായത്തിലെ താഴത്തുകുളക്കടയെയും കടമ്പനാട് പഞ്ചായത്തിലെ മണ്ണടിയെയും തമ്മിലാണ് പാലം യോജിപ്പിക്കുന്നത്. കിഫ്ബിയുടെ സഹായത്തോടെ അനുവദിച്ച 11.28 കോടി രൂപ ഉപയോഗിച്ചാണ് നിർമ്മാണം.
നിർമ്മാണം പൂർത്തീകരണത്തിൽ
കല്ലടയാറിന് കുറുകെയാണ് പാലം നിർമ്മിക്കുന്നത്. ഇതിന്റെ തൂണുകൾ നിർമ്മിച്ച് മുകളിൽ സ്പാനുകളും സ്ഥാപിച്ചു. കോൺക്രീറ്റ് ജോലികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഇരുവശങ്ങളിലുമായി റോഡിനോട് ചേർന്നുള്ള നിർമ്മാണവും നടക്കുന്നുണ്ട്. അപ്രോച്ച് റോഡുകളുടെ നിർമ്മാണവും ഉടൻ പൂർത്തിയാക്കും. കുളക്കട ഭാഗത്തെ അപ്രോച്ച് റോഡുകളുടെ നിർമ്മാണം ഏറെക്കുറെ പൂർത്തിയായി. താഴത്തുകുളക്കട ജംഗ്ഷൻ ഭാഗത്തുനിന്ന് അകലമിട്ടാണ് അപ്രോച്ച് റോഡ് നിർമ്മിച്ചത്. ജംഗ്ഷനിലെ റോഡും നവീകരിച്ച് ഇതിനോടൊപ്പം ചേർക്കും. മറുവശത്ത് മണ്ണടി ഭാഗത്ത് കുറച്ച് ഭാഗത്ത് നിർമ്മാണം പൂർത്തിയാകാനുണ്ട്.
മന്ത്രി സന്ദർശിച്ചു
ചെട്ടിയാരഴികത്ത് കടവ് പാലത്തിന്റെ നിർമ്മാണ പുരോഗതി വിലയിരുത്താൻ മന്ത്രി കെ.എൻ.ബാലഗോപാലും ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു. പാലത്തിന്റെ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കാൻ മന്ത്രി നിർദ്ദേശിച്ചു. ജനുവരി അവസാനത്തോടെ നിർമ്മാണം പൂർത്തിയായാൽ ഗതാഗതത്തിന് തുറന്നുകൊടുക്കാനുള്ള ആലോചനയിലാണ്.