
 പുനരുദ്ധാരണത്തിന് സമഗ്ര നിർദേശം
കൊല്ലം: കശുഅണ്ടി മേഖലയുടെ പുനരുദ്ധാരണ പാക്കേജ് തയ്യാറാക്കാൻ സർക്കാർ നിയോഗിച്ച സമിതിക്ക് മുന്നിൽ സമഗ്ര നിർദേശങ്ങൾ മുന്നോട്ടുവച്ച് ഓൾ കേരള കാഷ്യു നട്ട് ഫാക്ടറി വർക്കേഴ്സ് ഫെഡറേഷൻ (യു.ടി.യു.സി).
കാഷ്യു കോർപ്പറേഷൻ നടത്തുന്ന 30 ഫാക്ടറികളിൽ പത്തെണ്ണം മാത്രമാണ് സ്വന്തം ഉടമസ്ഥയിലുള്ളത്. ബാക്കി 20 എണ്ണം വാടകയാണ്. ഇവ തിരിച്ചുകിട്ടാനായി കോടതിയിൽ കേസ് നടക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ വാടക ഫാക്ടറികൾ ഉടൻ നഷ്ടപരിഹാരം നൽകി ഏറ്റെടുക്കണം.
കോടതി വിധി ഉടമകൾക്ക് അനുകൂലമായാൽ തൊഴിലാളികൾ വഴിയാധാരമാകുമെന്നും ഫെഡറേഷൻ വർക്കിംഗ് പ്രസിഡന്റ് എ.എ.അസീസ്, ജനറൽ സെക്രട്ടറി സജി.ഡി.ആനന്ദ്, വൈസ് പ്രസിഡന്റ് ടി.സി.വിജയൻ എന്നിവർ ചേർന്ന് നൽകിയ നിർദേശങ്ങളിൽ പറയുന്നു.
പൊതുമേഖലയിൽ
 കാഷ്യു കോർപ്പറേഷനിലും കാപ്പെക്സിലും വർക്ക് സ്റ്റഡി
 ഓരോ ഫാക്ടറിയിലും 50 ചാക്ക് തോട്ടണ്ടി സംസ്കരിക്കാൻ സംവിധാനം
 ഷെല്ലിംഗിന് ആധുനികവത്കരണം
 തൊഴിലാളികൾക്ക് കൈയുറ, പാദരക്ഷ, തൊപ്പി, യൂണിഫോം
 കാപ്പെക്സ്, കാഷ്യു കോർപ്പറേഷൻ മേധാവികളുടെ കാര്യത്തിൽ പുനഃപരിശോധന
 പരിശോധന നടത്താൻ പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട വിജിലൻസ് സംഘം
 ഗ്രാറ്റുവിറ്റി തുടരണോയെന്ന് ട്രേഡ് യൂണിയനുകളുമായി ചർച്ച
സ്വകാര്യ മേഖലയിൽ
 പൂട്ടിയ ഫാക്ടറികൾ തുറക്കുമ്പോൾ മൂന്ന് വർഷത്തേക്ക് ഇ.എസ്.ഐ, പി.എഫ്, ഗ്രാറ്റുവിറ്റി വിഹിതം അടയ്ക്കാൻ സർക്കാർ സബ്സിഡി
 നിശ്ചിതകാലത്തേക്ക് കയർ വ്യവസായത്തിലേതിന് സമാനമായ ഇൻകം സപ്പോർട്ട് സ്കീം
 കശുഅണ്ടിയുടെ പർച്ചേസ് ടാക്സിൽ ഇളവ്
 കശുഅണ്ടി പരിപ്പ് കയറ്റുമതി ചെയ്യുന്നവർക്ക് കേന്ദ്ര സർക്കാർ ഇൻസെന്റീവ്
 വ്യവസായികളുടെ വായ്പകൾ പുനർനിർണയിച്ച് ഫാക്ടറി തുറക്കാൻ സഹായം
 വ്യവസായികളുടെ ആസ്തി സർഫാസി ആക്ട് പ്രകാരം പിടിച്ചെടുക്കുന്നത് തടയണം
സ്വകാര്യ മേഖലയിൽ ലൈസൻസ് റദ്ദാക്കി ഫാക്ടറികൾ പൊളിക്കുന്നത് തടയണം. അടഞ്ഞുകിടക്കുന്ന ഫാക്ടറികൾ സർക്കാർ ഏറ്റെടുക്കണം.
എ.എ.അസീസ്
ഓൾ കേരള കാഷ്യു നട്ട് ഫാക്ടറി വർക്കേഴ്സ്
ഫെഡറേഷൻ വർക്കിംഗ് പ്രസിഡന്റ്