കൊല്ലം: ഹൈസ്‌കൂൾ ജംഗ്‌ഷനിൽ ഒരാഴ്ചയായി കത്താതിരുന്ന തേവള്ളി ഭാഗത്തേക്കുള്ള സിഗ്നൽ വീണ്ടും പ്രവൃത്തിച്ചുതുടങ്ങി. അറ്റകുറ്റപ്പണികൾക്ക് ചുമതലയുള്ള സ്വകാര്യകമ്പനിയുടെ സാങ്കേതിക വിദഗ്ദ്ധരെത്തിയാണ് സിഗ്നൽ പ്രവർത്തനക്ഷമമാക്കിയത്. താലൂക്ക് കച്ചേരി ഭാഗത്തുനിന്ന് ഹൈസ്‌കൂൾ ജംഗ്‌ഷനിലെ തേവള്ളി ഭാഗത്തേക്കുള്ള സിഗ്നൽ ലൈറ്റ് കത്താതായിട്ട് ഒരാഴ്ചയോളമായിട്ടും നടപടിയില്ലെന്നും അറ്റകുറ്റപ്പണിക്ക് ചുമതലയുള്ള കായംകുളത്തെ സ്വകാര്യ കമ്പനി ഒളിച്ചുകളിക്കുകയാണെന്നും കേരളകൗമുദി കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെത്തുടർന്ന്
ജില്ലാ ഭരണകൂടം ഇടപെടുകയും കമ്പനിക്ക് അന്ത്യശാസനം നൽകുകയും ചെയ്തു. തുടർന്ന് കമ്പനിയുടെ തിരുവനന്തപുരം ഓഫീസിലെ സാങ്കേതിക വിദഗ്ദ്ധരെത്തി അറ്റകുറ്റപ്പണി നടത്തുകയായിരുന്നു. റോഡ് സേഫ്ടി എൻഫോഴ്‌സ്‌മെന്റും സിറ്റി ട്രാഫിക്കും അറ്റകുറ്റപ്പണികൾക്കായി ബന്ധപ്പെട്ടിരുന്നെങ്കിലും ഒഴിവുകഴിവുകൾ പറഞ്ഞ് കമ്പനി ഒളിച്ചുകളി തുടരുകയായിരുന്നു.
കെൽട്രോണിനെ
ഏൽപ്പിക്കണം
സിഗ്‌നൽ ലഭിക്കാത്തതിനാൽ വാഹനങ്ങൾ ഹൈസ്‌കൂൾ ജംഗ്‌ഷനിൽ നിറുത്തിയിടുന്നതിനെ തുടർന്നുള്ള ഗതാഗതകുരുക്ക് നിയന്ത്റിക്കാൻ ട്രാഫിക് ഉദ്യോഗസ്ഥൻ റോഡിലിറങ്ങേണ്ട അവസ്ഥയായിരുന്നു. നഗരത്തിലെ തിരക്കേറിയ കവലകളിലൊന്നായ ഹൈസ്‌കൂൾ ജംഗ്‌ഷനിലെ സിഗ്നൽ സംവിധാനത്തിന്റെ പരിപാലനവും അറ്റകുറ്റപ്പണികളും സർക്കാർ സ്ഥാപനമായ കെൽട്രോണിനെ ഏൽപ്പിക്കണമെന്ന ആവശ്യവും ഇതോടെ ശക്തമായിട്ടുണ്ട്.