photo

അഞ്ചൽ: മത്സരത്തിനും അപ്പുറം സൗഹൃദങ്ങളുടെ സംഗമവേദികൂടിയാണ് കലോത്സവ നഗരി. ഇന്നലെ ഹയർ സെക്കൻഡറി വിഭാഗം കഥകളി സംഗീതത്തിൽ വിജയികളായ ദിവാലക്ഷ്മിയും ശ്രീശാന്തും ആദ്യമായാണ് കണ്ടുമുട്ടിയത്. അതൊരു സ്നേഹ സൗഹൃദത്തിന്റെ തുടക്കവുമായിരുന്നു.

കരുനാഗപ്പള്ളി ബി.എച്ച്.എസിലെ പ്ളസ് വൺ വിദ്യാർത്ഥിനിയായ വി.ദിവാലക്ഷ്മി എട്ടാം ക്ളാസ് മുതൽ കഥകളി സംഗീതത്തിൽ മത്സരിക്കുന്നുണ്ട്. സമ്മാനങ്ങളും ഒപ്പം ചേർത്തുനിറുത്തും. കടയ്ക്കൽ കുറ്റിക്കാട് സി.പി.എച്ച്.എസ്.എസിലെ പ്ളസ് ടു കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായ എസ്.ശ്രീശാന്ത് നാല് വർഷമായി കഥകളി സംഗീതം പഠിക്കുന്നു.

കലാനഗരിയിൽ വച്ച് രക്ഷിതാക്കളുടെ സാന്നിദ്ധ്യത്തിലാണ് ഇരുവരും പരിചയപ്പെട്ടത്. ഇനി കോഴിക്കോട് സംസ്ഥാന കലോത്സവത്തിൽ കാണാമെന്ന് പറഞ്ഞ് ഷേക്ക് ഹാൻഡ് നൽകിയാണ് ഇരുവരും പിരിഞ്ഞത്.

കരുനാഗപ്പള്ളി ക്ളാപ്പന പവിത്രത്തിൽ അദ്ധ്യാപകനായ ദാസൻ ക്ളാപ്പനയുടെയും ക്ളാപ്പന സഹകരണ ബാങ്ക് ഹെഡ് ക്ളാർക്കായ വിനിതയുടെയും മകളാണ് വി.ദിവാലക്ഷ്മി. വഞ്ചിപ്പാട്ടിലും പദ്യം ചൊല്ലലിലും ദിവാലക്ഷ്മി മികവിന്റെ ഗ്രേഡുകൾ സ്വന്തമാക്കി. കോട്ടുക്കൽ സൗപർണികയിൽ ബിസിനസുകാരനായ ശശിധരൻ നായരുടെയും ഖാദി ബോർഡ് ജീവനക്കാരിയായ ശ്രീജയുടെയും മകനായ എസ്.ശ്രീശാന്ത് ശാസ്ത്രീയ സംഗീതത്തിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും സ്വന്തമാക്കിയിരുന്നു.

റവന്യൂ ജില്ലാ കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങുമ്പോൾ ശ്രീശാന്തിനെയും ദിവാലക്ഷ്മിയെയും പോലെ ഒരുപാട് മത്സരാർത്ഥികളാണ് പുതിയ സൗഹൃദങ്ങളെ തുന്നിച്ചേർത്തത്.