 
കരുനാഗപ്പള്ളി : ജലാശയങ്ങളിൽ മാലിന്യം തള്ളിയാൽ ഇനി വിവരമറിയും. മാലിന്യം തളളുന്നവരെ കുടുക്കാൻ നഗരസഭ ജലാശയ തീരങ്ങളിൽ കാമറകൾ സ്ഥാപിച്ചു. സുരക്ഷിത നഗരം സുന്ദരനഗരം പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കിയത്. പള്ളിക്കലാർ, ചന്തക്കായൽ, വട്ടക്കായൽ, ടി.എസ് കനാൽ, പാറ്റോലി തോട് തുടങ്ങിയ ജലാശയ തീരങ്ങളിലാണ് കാമറകൾ സ്ഥാപിച്ചത്. തണ്ണീർത്തടങ്ങളിലും കായലുകളിലും അറവ് മാലിന്യം തള്ളുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന നാട്ടുകാരുടെ ആവശ്യം കേരള കൗമുദി നിരവധി തവണ വാർത്ത നൽകിയിരുന്നു.
അറവ് മാലിന്യങ്ങൾ നിറഞ്ഞ്
അറവ് മാലിന്യങ്ങൾ ജലാശയങ്ങളിൽ തള്ളുന്നതിനെരെ ശക്തമായ നിർദ്ദേശങ്ങളുണ്ടെങ്കിലും അതിനെയെല്ലാം കാറ്റിൽ പറത്തിയാണ് ഇറച്ചി വ്യാപാരികൾ പ്രവർത്തിക്കുന്നത്. മൃഗങ്ങളെ കശാപ്പ് ചെയ്ത ശേഷം എല്ലിൻ കക്ഷണങ്ങളും മറ്റ് മാലിന്യങ്ങളും രാത്രിയുടെ മറവിൽ ചാക്കുകളിൽ കെട്ടി ജലാശയങ്ങളിലാണ് തള്ളുന്നത്. ചാക്കിനുള്ളിൽ പാറക്കല്ലുകൾ കെട്ടി വയ്ക്കുന്നതിനാൽ മാലിന്യം അടങ്ങിയ ചാക്ക് കെട്ടുകൾ കായലിന്റെ അടിത്തട്ടിൽ താഴ്ന്ന് കിടക്കും.ദിവസങ്ങൾക്കു ശേഷം ചാക്കുകെട്ടുകൾ പൊന്തി വരും. കായലിൽ പൊന്തിക്കിടക്കുന്ന അറവ് മാലിന്യങ്ങൾ കാക്കകളും പരുന്തും കൊത്തി വലിച്ച് സമീപ പ്രദേശങ്ങളിലും വീട്ടുവളപ്പുകളിലെ കിണറുകളിലും കൊണ്ടിടുന്നത് പതിവ് കാഴ്ചയാണ്.
ദുർഗന്ധം സഹിക്കാൻ വയ്യ
പള്ളിക്കലാറിന്റെ അടിത്തട്ടിൽ ടൺ കണക്കിന് മാലിന്യങ്ങളുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. നിരവധി തോടുകളും ഇടക്കാനാലുകളും പള്ളിക്കലാറിൽ വന്ന് ചേരുന്നുണ്ട്. അവിടെ നിന്നെല്ലാം മാലിന്യങ്ങൾ ഒഴുകിയെത്തുന്നുണ്ട്. മാലിന്യങ്ങൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ അനവധിയാണ്. മാലിന്യങ്ങളിൽ നിന്നും പുറത്തേക്ക് വരുന്ന ദുർഗന്ധമാണ് നാട്ടുകാർക്ക് സഹിക്കാൻ കഴിയാത്തത്.
സുരക്ഷിത നഗരം സുന്ദര നഗരം
സുരക്ഷിത നഗരം സുന്ദരനഗരം പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം കരുനാഗപ്പള്ളി മാർക്കറ്റിന് സമീപം നടന്ന ചടങ്ങിൽ വെച്ച് അഡ്വ.എ.എം.ആരിഫ് എം.പി നിർവഹിച്ചു. സി.ആർ.മഹേഷ് എം.എൽ.എ അദ്ധ്യക്ഷനായി. നഗരസഭ ചെയർമാൻ കോട്ടയിൽ രാജു സ്വാഗതം പറഞ്ഞു. വൈസ് ചെയർപേഴ്സൺ സുനിമോൾ, സ്ഥിരം സമിതി അധ്യക്ഷരായ എൽ ശ്രീലത, ഇന്ദുലേഖ, പടിപ്പുര ലത്തീഫ്, വാർഡ് കൗൺസിലർ റെജി ഫോട്ടോപാർക്ക്, പ്രതിപക്ഷ പാർലമെന്ററി പാർട്ടി ലീഡർ എം.അൻസാർ,നഗരസഭാ സെക്രട്ടറി എ.ഫൈസൽ, സൂപ്രണ്ട് വിനോദ് തുടങ്ങിയവർ സംസാരിച്ചു. മാലിന്യ സംസ്കരണത്തിന്റെ ഭാഗമായി നഗരസഭയുടെ 35 ഡിവിഷനുകളിലും സ്ഥാപിച്ച മിനി എം.സി.എഫു കളുടെ ഉദ്ഘാടനവും മാലിന്യ ശേഖരണത്തിനായി പുതുതായി വാങ്ങിയ രണ്ട് മിനി ലോറികളുടെ ഫ്ലാഗ് ഒഫും ഇതോടൊപ്പം നടന്നു.