കൊല്ലം: പാൽ വില വർദ്ധനവിൽ 83.75 ശതമാനവും കർഷകർക്കാണെന്ന് മന്ത്രി ജെ.ചിഞ്ചുറാണി. ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന പാലിന് സബ്സിഡി, ക്ഷീരപ്രഭ, നവനീതം പദ്ധതികളുടെ ഉദ്ഘാടനം ജയൻ സ്മാരക ഹാളിൽ നിർവഹിക്കുകയായിരുന്നു അവർ. ഗ്രാമ, ബ്ലോക്ക്, ജില്ലാപഞ്ചായത്തുകളുടെ വിഹിതത്തോടൊപ്പം സർക്കാർ സഹായം കൂടി ചേർത്താണ് പാലിന് സബ്‌സിഡി നൽകുന്നത്. കർഷകർക്ക് ലിറ്റർ പാലിന് 4 രൂപ സബ്‌സിഡി ലഭിക്കും. മാതൃകാ ഡയറി ഫാമുകൾ ആരംഭിക്കുന്നതിന് സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയാണ് ക്ഷീരപ്രഭ. ക്ഷീര സംഘങ്ങൾക്ക് മൂല്യ വർദ്ധിത ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കുന്നതിനുള്ള സഹായം നൽകുന്ന പ്രോജക്ടാണ് നവനീതം. 10 ക്ഷീര സംഘങ്ങൾക്ക് 3 ലക്ഷം രൂപ വീതമാണ് നൽകുന്നതെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ.ഡാനിയേൽ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് സുമലാൽ, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ജെ.നജീബത്ത്, പി.കെ.ഗോപൻ, അനിൽ.എസ് കല്ലേലിഭാഗം, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സി.പി.സുധീഷ് കുമാർ, എസ്.സോമൻ, ശ്രീജ ഹരീഷ്, ബി.ജയന്തി, സെക്രട്ടറി ബിനുൻ വാഹിദ്, കൃഷി ഡെപ്യൂട്ടി ഡയറക്ടർ ബി.എസ്.നിഷ, അസി. ഡയറക്ടർ അനീഷ് തുടങ്ങിയവർ പങ്കെടുത്തു.