
കരുനാഗപ്പള്ളി: ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിന് പിന്നിൽ യാത്ര ചെയ്ത യുവാവ് റോഡിലേയ്ക്ക് തെറിച്ചുവീണ് മരിച്ചു. കോഴിക്കോട് പുത്തൻപുരയിൽ സുദേവൻ - അജിത ദമ്പതികളുടെ മകൻ അനന്തുവാണ് (26) മരിച്ചത്.
ബൈക്ക് ഓടിച്ചിരുന്ന അഭിജിത്ത് (22), സ്കൂട്ടർ ഓടിച്ചിരുന്ന സുബ്രഹ്മണ്യൻ എന്നിവരെ ഗുരുതര പരിക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചക്ക് 1.30ഓടെ കല്ലുംമൂട്ടിൽകടവ് പാലത്തിന് സമീപമായിരുന്നു അപകടം.
ചെറിയഴീക്കലിന് സമീപം വെൽഡിംഗ് ജോലിയിൽ ഏർപ്പെട്ടിരുന്ന യുവാക്കൾ ഉച്ചയ്ക്ക് ആഹാരം കഴിക്കാൻ പോകുമ്പോഴായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെയും നാട്ടുകാർ ചേർന്ന് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ നിന്ന് അനന്തുവിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചു. മൃതദേഹം മോർച്ചറിയിൽ. ഇന്ന് പോസ്റ്റ്മോർട്ടം നടത്തിയ ശേഷം സംസ്കാരം ഉച്ചയ്ക്ക് ശേഷം വീട്ടുവളപ്പിൽ നടക്കും.