photo

അഞ്ചൽ: അമ്മയുടെ തോളിലേറി ഇള്ളാക്കുട്ടിയായി വന്ന ആദിത്യ സുരേഷ് മലയാളം പദ്യം ചൊല്ലലിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒന്നാമനായാണ് മടങ്ങിയത്. അയ്യപ്പണിക്കരുടെ അഗ്നിപൂജ ആലപിച്ചപ്പോൾ സദസ് കണ്ണും കാതും കൂർപ്പിച്ചു. ചൊല്ലിയവസാനിപ്പിച്ചപ്പോൾ നിറഞ്ഞ കൈയടി. ആദിത്യ സുരേഷ് ഒട്ടുമിക്ക ചാനൽ പരിപാടികളിലൂടെയും എല്ലാവർക്കും സുപരിചിതനാണ്. അതുകൊണ്ടുതന്നെ മത്സരം കഴിഞ്ഞ് വേദിയിലിറങ്ങിയ ആദിത്യയ്ക്കൊപ്പം സെൽഫിയെടുക്കാനും ആളുകൾ മത്സരിച്ചു.

പ്രതിഭയ്ക്ക് മുന്നിൽ വൈകല്യം സുല്ലിട്ടു

കടമ്പനാട് ഏഴാംമൈൽ മാനാമ്പുഴ രഞ്ജിനി ഭവനിൽ ടി.കെ.സുരേഷിന്റെയും രഞ്ജിനിയുടെയും രണ്ട് മക്കളിൽ ഇളയവനായ ആദിത്യ സുരേഷ് ജന്മനാ ഓസ്റ്റിയോജെനിസിസ് ഇംപെർഫക്ട എന്ന ജനിതക രോഗം ബാധിച്ചിരുന്നു. വലിയ തലയോടെ വിരലുകൾ ഒട്ടിപ്പിടിച്ച ശോഷിച്ച കൈകാലുകളുമായി ജനിച്ച ആദിത്യ ദിവസങ്ങളോളം ഇൻക്യുബേറ്ററിലായിരുന്നു. ഹോമിയോ ചികിത്സയിലൂടെ ചെറിയ മാറ്റങ്ങൾ കണ്ടുതുടങ്ങി. തലയുടെ വലിപ്പം കുറഞ്ഞുവന്നു, പതിയെ തല പൊക്കിത്തുടങ്ങി. വർഷങ്ങൾ കടന്നുപോയിട്ടും സ്വന്തം കാലിൽ നിൽക്കാൻ ആദിത്യയ്ക്ക് കഴിയുന്നില്ല. എല്ലുകൾ ഒടിയുന്ന രീതിയാണ്. പ്രാർത്ഥനകളുമായി കാത്തിരുന്ന രക്ഷിതാക്കൾ ആദിത്യയുടെ പാട്ടിൽ പ്രതീക്ഷയായി. പാടിയതൊക്കെ ഹിറ്റായി. ഇന്നലെ കലോത്സവത്തിനെത്തിയത് കവിതാലാപനത്തിനായിരുന്നു. കവിത ഇത്രമധുരമായി ആലപിക്കാമെന്ന് കാട്ടിക്കൊടുത്താണ് ആദിത്യ വിജയകിരീടം ചൂടിയത്.