
പുനലൂർ: തമിഴ്നാട് സ്വദേശിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ആറ്റിൽ തള്ളിയ ഒന്നാം പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. വടക്കാഞ്ചേരി കർണകാട് സ്വദേശി വി.കെ.ഫൈസലിനെയാണ് (41) തെന്മല പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്.
ഐ.പി.എസ് ഓഫീസർ ചമഞ്ഞ് തട്ടിപ്പ് നടത്തിയ കേസിൽ ഫൈസലിനെ താമരശേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ജയിലിലായിരുന്ന ഫൈസലിനെ തെന്മല പൊലീസ് താമരശേരി കോടതിയുടെ അനുമതിയോടെയാണ് കസ്റ്റഡിയിൽ വാങ്ങിയത്. ചെങ്കോട്ട കാലൻകര എ.കെ അപ്പാർട്ട്ന്റിൽ അൻപഴകനെ (40) ഒക്ടോബർ 29നാണ് കൊലപ്പെടുത്തിയത്. തുടർന്ന് ആര്യങ്കാവ് മുരുകൻപാഞ്ചലിയിലെ ആറ്റുതീരത്ത് മൃതദേഹം തള്ളി. കേസിലുൾപ്പെട്ട രണ്ട് പ്രതികളെ നേരത്തെ പിടികൂടിയിരുന്നു. കസ്റ്റഡിയിൽ വാങ്ങിയ ഫൈസലിനെ ഇന്ന് ചോദ്യം ചെയ്ത ശേഷം ആര്യങ്കാവിലും ചെങ്കോട്ടയിലും എത്തിച്ച് തെളിവെടുക്കുമെന്ന് പുനലൂർ ഡിവൈ.എസ്.പി ബി.വിനോദ് അറിയിച്ചു. തെന്മല സി.ഐ ഒ.കെ.ശ്യാം, എസ്.ഐ സുബിൻ തങ്കച്ചൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.