കൊല്ലം: കോർപ്പറേഷന്റെയും ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'ഖൽബിൽ ഖത്തർ' ഇന്നുമുതൽ. ലോകകപ്പ് ഫുട്ബാളിന്റെ ആവേശം കാണികളിലെത്തിക്കാൻ നടത്തുന്ന ഈ പരിപാടിയിലൂടെ ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിലെ 500 ചതുരശ്ര അടിയുള്ള കൂറ്റൻ സ്ക്രീനിൽ കളിയുടെ വിസ്മയനിമിഷങ്ങൾ ആസ്വദിക്കാം. 4കെ സൗണ്ട് സിസ്റ്റത്തോട് കൂടിയാണ് തത്സമയ കാഴ്ച. ഫുട്ബാൾ പ്രവചന,കലാമത്സരങ്ങൾ, ലക്കി ടിപ് എന്നിവയും നടത്തുമെന്ന് സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് എക്സ്.ഏണസ്റ്റ് പറഞ്ഞു.
പ്രദർശനത്തോടനുബന്ധിച്ച് ഇന്ന് വൈകിട്ട് നാലിന് ചിന്നക്കട റസ്റ്റ് ഹൗസിന്റെ മുമ്പിൽ നിന്ന് ആരംഭിക്കുന്ന വിളംബര റാലി സിറ്റി പൊലീസ് കമ്മിഷണർ മെറിൻ ജോസഫ് ഫ്ലാഗ് ഒഫ് ചെയ്യും. 5.30ന് ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ മന്ത്രി കെ.എൻ ബാലഗോപാൽ ഫുട്ബാൾ മാമാങ്ക പ്രദർശനം ഉദ്ഘാടനം ചെയ്യും.