
ചാത്തന്നൂർ: മുതിർന്ന സി.പി.എം നേതാവും ട്രേഡ് യൂണിയൻ സംഘാടകനും പ്രമുഖ സഹകാരിയുമായിരുന്ന ചാത്തന്നൂർ താഴം ജെ.ജെ ഭവനിൽ എസ്.പ്രകാശ് (69) നിര്യാതനായി. ഏറെനാളായി ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ട് മൂന്നോടെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ചാത്തന്നൂർ കുറുങ്ങൽ സമരത്തിന് നേതൃത്വം നൽകി. 1986ലെ കശുവണ്ടി തൊഴിലാളികളുടെ മിനിമം വേതനസമരത്തിലും നേതൃനിരയിലുണ്ടായിരുന്നു. നിരവധി തവണ പൊലീസ് മർദ്ദനത്തിനും ജയിൽവാസത്തിനും വിധേയനായി. ദീർഘകാലം സി.പി.എം ചാത്തന്നൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായും ചാത്തന്നൂർ ഏരിയാ കമ്മിറ്റി സെക്രട്ടറിയായും ജില്ലാ കമ്മിറ്റി അംഗമായും പ്രവർത്തിച്ചു. കശുഅണ്ടി തൊഴിലാളി യൂണിയൻ മേഖലാ സെക്രട്ടറി, ക്യാഷ്യു വർക്കേഴ്സ് സെന്റർ സംസ്ഥാന കമ്മിറ്റി അംഗം, കൈത്തറി തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, ചെത്ത് മദ്യ വ്യവസായ തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ്, സി.ഐ.ടി.യു ജില്ലാകമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. ഹാന്റക്സ് ഭരണസമിതി എക്സി. കമ്മിറ്റി അംഗം, ചാത്തന്നൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, ചാത്തന്നൂർ ഗവ. ഹൈസ്കൂൾ അദ്ധ്യാപക രക്ഷകർത്തൃ സമിതി പ്രസിഡന്റ്, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചു.
സംസ്കാരം ഇന്ന് രാവിലെ 11.30ന് സ്വവസതിയിൽ നടക്കും. ഭാര്യ: ഹേമലത. മക്കൾ ജൂലി (ചാത്തന്നൂർ റീജിയണൽ കോപ്പറേറ്റീവ് ബാങ്ക്, ജെന്നി (നെടുങ്ങോലം സർവീസ് സഹകരണ ബാങ്ക്). മരുമക്കൾ: അനിൽകുമാർ, അഡ്വ.ആർ.ദിലീപ് കുമാർ (സി.പി.ഐ ചാത്തന്നൂർ മണ്ഡലം സെക്രട്ടറി, ചാത്തന്നൂർ സർവീസ് സഹകരണബാങ്ക് പ്രസിഡന്റ്). മൃതദേഹം ഇന്ന് രാവിലെ 9ന് സി.പി.എം ചാത്തന്നൂർ ഏരിയാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വയ്ക്കും.