അഞ്ചൽ: അഞ്ചലിൽ കലയുടെ കൗമാരം കൊട്ടിക്കലാശത്തിന് ഒരുങ്ങുമ്പോൾ കലാ കിരീടത്തിൽ മുത്തമിടാൻ കരുനാഗപ്പള്ളി ഒരുങ്ങുന്നു. അപ്രതീക്ഷിത മാറ്റങ്ങൾ സംഭവിച്ചില്ലെങ്കിൽ ഇക്കുറി കലാ കിരീടം കരുനാഗപ്പള്ളി ഉറപ്പിക്കുകയാണ്.

ലഭ്യമായ അവസാന പോയിന്റ് നില അനുസരിച്ച് കരുനാഗപ്പള്ളി ഉപജില്ല 647 പോയിന്റുമായി മുന്നേറുകയാണ്. 551 പോയിന്റോടെ ചാത്തന്നൂർ ഉപജില്ലയാണ് രണ്ടാമത്. 540 പോയിന്റുമായി കൊട്ടാരക്കര ഉപജില്ല മൂന്നാം സ്ഥാനത്തുണ്ട്. പുനലൂർ (536), കൊല്ലം (521) ഉപജില്ലകളാണ് നാലും അഞ്ചും സ്ഥാനത്ത്.

യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിലും കരുനാഗപ്പള്ളി ഉപജില്ലയ്ക്കാണ് മേധാവിത്വം.

ഹയർസെക്കൻഡറി വിഭാഗത്തിൽ 285, എച്ച്.എസിൽ 278, യു.പിയിൽ 104 എന്ന നിലയിലാണ് പോയിന്റ്.

സ്കൂളുകളിൽ ജോൺ എഫ്.കെന്നഡി

സ്കൂളുകളിൽ അയണിവേലിക്കുളങ്ങര ജോൺ എഫ്.കെന്നഡി മെമ്മോറിയൽ വി.വി.എച്ച്.എസ്.എസ് 178 പോയിന്റുമായി മുന്നിലാണ്. വെണ്ടാർ എസ്.വി.എം.എം എച്ച്.എസ്.എസാണ് 141 പോയിന്റോടെ രണ്ടാമതാണ്. കടയ്ക്കൽ ഗവ. എച്ച്.എസ്.എസും ആതിഥേയരായ അഞ്ചൽ വെസ്റ്റ് ഗവ.എച്ച്.എസ്.എസും 139 പോയിന്റോടെ മൂന്നാം സ്ഥാനത്തുണ്ട്.