
രഞ്ജൂസ് പുഷ്പ മൊത്തവ്യാപാര സ്ഥാപനം പൂർണമായും കത്തിനശിച്ചു
കൊല്ലം: അർദ്ധരാത്രിയോട് അടുത്ത് നഗരത്തിലെ മൂന്ന് കടകൾക്ക് തീപിടിച്ചു. ഒരു കട പൂർണമായും രണ്ട് കടകൾ ഭാഗമികമായും കത്തിനശിച്ചു. ആളപായമില്ല.
ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു സംഭവം. ലക്ഷ്മിനട ജംഗ്ഷനിലെ രഞ്ജൂസ് പുഷ്പ മൊത്തവ്യാപാര സ്ഥാപത്തിനും സമീപത്തെ പാൽ, മത്സ്യ വിൽപ്പന സ്ഥാപനങ്ങൾക്കുമാണ് തീപിടിച്ചത്. രഞ്ജൂസ് പുഷ്പ മൊത്തവ്യാപാര സ്ഥാപനം പൂർണമായും കത്തിനശിച്ചു. കടകളിൽ നിന്ന് ചെറിയ തോതിൽ പുക ഉയരുന്നത് കണ്ട് റോഡിലൂടെ പോയവർ ഫയർ ഫോഴ്‌സിൽ വിവരം അറിയിച്ചു. ചാമക്കട, കടപ്പാക്കട ഫയർ സ്റ്റോഷനുകളിൽ നിന്ന് അഞ്ച് ഫയർ എൻജിനുകൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. രഞ്ജൂസ് പുഷ്പ മൊത്തവ്യാപാര സ്ഥാപനത്തിൽ മെഴുകുതിരി നിർമ്മാണത്തിന് സൂക്ഷിച്ചിരുന്ന അസംസ്‌കൃത വസ്തുക്കൾക്കാണ് ആദ്യം തീപടർന്നത്. ഫയർ ഫോഴ്‌സ് അപകടം നടന്നയുടൻ സ്ഥലത്തെത്തിയെങ്കിലും സമീപത്തെ മറ്റ് രണ്ട് കടകളിലേയ്ക്കും തീ പടർന്നിരുന്നു. ഫയർഫോഴ്സ് ഒരു മണിക്കൂറിലേറെ പ്രയത്നിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. കടയ്ക്ക് മുകളിലൂടെ കടന്നുപോകുന്ന വൈദ്യുതി ലൈനിൽ നിന്ന് തീപ്പൊരി ഉണ്ടായതാണെന്നും സംശയിക്കുന്നുണ്ട്. തീപിടിത്തം ഉണ്ടായ സമയത്ത് തന്നെ പ്രദേശത്തെ വൈദ്യുതിബന്ധവും തടസപ്പെട്ടിരുന്നു. ഫയർഫോഴ്സ് ചാമക്കട സ്റ്റേഷൻ ഓഫീസർ സുരേഷ് കുമാറിന്റെ നേതൃത്വത്തിലാണ് തീ അണച്ചത്.