photo
മാളവികയെ ഒരുക്കുന്ന അമ്മ സിന്ധു

അഞ്ചൽ: ബ്രെയിൻ കാൻസറിന്റെ ബുദ്ധിമുട്ടുകൾക്കിടയിലും സിന്ധുവിന്റെ പ്രതീക്ഷ തന്റെ പെൺമക്കളിലാണ്. ഇന്നലെ മൂത്ത മകൾ കരിക്കോട് ടി.കെ.എം എച്ച്.എസിലെ എം.മാളവിക ഹൈസ്കൂൾ വിഭാഗം നാടോടി നൃത്തത്തിൽ ഒന്നാം സമ്മാനം നേടിയപ്പോൾ സിന്ധുവിന്റെ കണ്ണുകളിൽ ആനന്ദാശ്രു പൊടിഞ്ഞു.

ഭർത്താവ് തട്ടാർകോണം മാളവിക ഭവനത്തിൽ മുരളീധരനെ ഫോണിൽ വിളിച്ച് സന്തോഷം അറിയിച്ചു. കൂലിപ്പണിക്കാരനായ മുരളീധരൻ വീടിന് സമീപത്തെ പറമ്പിൽ കൃഷിപ്പണി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് മാളവികയുടെ ഒന്നാം സമ്മാനത്തിന്റെ മധുരവാർത്തയറിഞ്ഞത്. മാളവികയുടെ അമ്മ സിന്ധുവിന് വർഷങ്ങൾക്ക് മുമ്പേ കാൻസർ സ്ഥിരീകരിച്ചിരുന്നു.

തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ മൂന്ന് ശസ്ത്രക്രിയകൾ നടത്തി. വരുന്ന ഫെബ്രുവരിയിൽ അടുത്തത് ചെയ്യണം. ചികിത്സയ്ക്കും മറ്റുമായി ലക്ഷങ്ങളുടെ കടബാദ്ധ്യതയായി. ഡീസന്റ്മുക്ക് സഹകരണ ബാങ്കിൽ നിന്ന് വായ്പയെടുത്ത രണ്ട് ലക്ഷം രൂപ പലിശയും പിഴപ്പലിശയും ചേർന്ന് വലിയ തുകയായി ജപ്തി നടപടികളിലെത്തിയിരിക്കുകയാണ്. മറ്റ് കടങ്ങൾ വേറെയും.

നാടോടി നൃത്തത്തിൽ അടിയാത്തിക്കല്ല് പ്രമേയമാക്കി അവതരിപ്പിച്ചാണ് മാളവിക ഒന്നാം സ്ഥാനത്തെത്തിയത്. അനുജത്തി ഏഴാം ക്ളാസ് വിദ്യാർത്ഥിനിയായ ദേവികയും ചേച്ചിയുടെ കലാവഴിയിലുണ്ട്.