intuc-

 സെക്രട്ടേറിയറ്റ് ധർണ നടത്തി

കൊല്ലം: ജീവനക്കാരുടെ വേതന വർദ്ധന ആവശ്യപ്പെട്ട് കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷന്റെ (എ.ഐ.ടി.യു.സി) നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുമ്പിൽ ധർണ നടത്തി.
എല്ലാ അംഗീകൃത റേഷൻ വിതരണക്കാരനും പ്രതിമാസം 30,​000 രൂപ മിനിമം വേതനം നൽകണമെന്ന് ധർണ ഉദ്ഘാടനം ചെയ്തുകൊണ്ട് എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറിയും മുൻ മന്ത്രിയുമായ കെ.പി.രാജേന്ദ്രൻ ആവശ്യപ്പെട്ടു.

ഇപ്പോൾ പ്രതിമാസം പരമാവധി ലഭിക്കുന്നത് ഇരുപതിനായിരം രൂപയാണ്. ഇതിൽ നിന്ന് കട വാടക, വൈദ്യുതിചാർജ്, സെയിൽസ്‌മാനുള്ള ശമ്പളം എന്നിവ കഴിഞ്ഞാൽ പിന്നെ മിച്ചമൊന്നും ഇല്ലാത്ത സ്ഥിതിയാണ്. ഇതിന് അടിയന്തര പരിഹാരം വേണമെന്നും സെയിൽസ്മാന് സർക്കാർ വേതനം നൽകണമെന്നും അദ്ദേഹം പറഞ്ഞു.

റേഷൻ വിതരണ ജീവനക്കാരെ ഇ.പി.എഫ്, ഇ.എസ്.ഐ, മെഡിസെപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തുക, സെയിൽസ്മാൻമാരെയും താത്കാലിക ലൈസൻസികളെയും സ്ഥിരപ്പെടുത്തുക, റേഷൻ ക്ഷേമനിധിയിൽ സർക്കാർ വിഹിതം നൽകുക, പെൻഷനും മരണാനന്തര ആനുകൂല്യങ്ങളും വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചുകൊണ്ടായിരുന്നു സമരം.

കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) സംസ്ഥാന പ്രസിഡന്റ് ജെ.ഉദയഭാനു അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി പി.ജി.പ്രിയൻ കുമാർ, വർക്കിംഗ് പ്രസിഡന്റ് അഡ്വ.ആർ.സജിലാൽ, ട്രഷറർ മുണ്ടുകോട്ടക്കൽ സുരേന്ദ്രൻ, നേതാക്കളായ പി.കെ.മൂർത്തി, പി.എസ്.ഷൗക്കത്ത്, കോവളം വിജയകുമാർ, കെ.പി.വിശ്വനാഥൻ, ജയിംസ് കണയന്നൂർ, കെ.പി.സുധീർ, ബി.ഷാജികുമാർ, എം.പി.മണിയമ്മ, പി.സി.പവിത്രൻ, ടി.സജീവ്, ഷാജിഎബ്രഹാം, വി.ഡി.അജയകുമാർ, മലയടി വിജയകുമാർ, പരുത്തിപ്പാറ സജീവ്, ആറ്റിപ്ര മോഹനൻ, എസ്.ഹരികുമാർ, കെ.ഭരതൻ, എ.ഷെരീഫ് എന്നിവർ സംസാരിച്ചു.