കൊല്ലം: യുവാവിനെ തടഞ്ഞുനിറുത്തി ആക്രമിച്ച് സ്വർണമാല കവർന്ന കേസിൽ നാലുപേർ ചാത്തന്നൂർ പൊലീസിന്റെ പിടിയിലായി. ഇടനാട് വിളയിൽ വീട്ടിൽ ബിജിൽ(23), ചരുവിള പുത്തൻ വീട്ടിൽ ഷിജു(23), മയ്യനാട്, കൈതപ്പുഴ, കരിവാൻകുഴി വീട്ടിൽ അനന്തു(26), മയ്യനാട്, കൂട്ടിക്കട ഗീതാലയത്തിൽ സൂരജ്(23) എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ 30ന് സുഹൃത്തിന്റെ വീട്ടിൽ പോയി മടങ്ങുകയായിരുന്ന കല്ലുവാതുക്കൽ ഗോകുലത്തിൽ രാഹുലിനെയാണ് കോഷ്ണക്കാവിന് സമീപം ആക്രമിച്ച് മാല കവർന്നത്. പരിക്കേറ്റ രാഹുൽ ചാത്തന്നൂർ പൊലീസിന് പരാതി നൽകുകയായിരുന്നു. എസ്.എച്ച്.ഒ ശിവകുമാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ ആശ.വി.രേഖ, സുരേഷ്‌കുമാർ, ഫാത്തിൽ റഹ്മാൻ, എ.എസ്.ഐ രാജേഷ്, എസ്.സി.പി.ഒ ദിനേശ് കുമാർ, സി.പി.ഒമാരായ അനിൽകുമാർ, കണ്ണൻ, ആദർശ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

കള്ളക്കേസെന്ന് പരാതി

അതേസമയം, ഷിജുവിനെയും സഹോദരൻ ഷൈജുവിനെയും അകാരണമായി ചാത്തന്നൂർ പൊലീസ് കേസിൽ കുരുക്കുന്നതായി ആരോപിച്ച് സിറ്റി പൊലീസ് കമ്മിഷണർക്ക് ബന്ധുക്കൾ പരാതി നൽകി.

പരാതിയിൽ പറയുന്നത്: 2019 സെപ്തംബർ 8ന് ഷൈജുവിന് വാഹനാപകടത്തിൽ പരിക്കേറ്റു. ആശുപത്രിയിലെത്തിക്കാനെത്തിയ ഷിജുവിനെ പൊലീസ് മർദ്ദിക്കുകയും പൊലീസിനെ മർദ്ദിച്ചെന്ന് കാട്ടി കേസെടുത്ത് ജയിലിലടച്ചു. ഈ കേസിൽ ഷിജുവിനെ കോടതി വെറുതെ വിട്ടു. എന്നാൽ, വിധിക്ക് തലേ ദിവസം ഷിജുവിനെ ചാത്തന്നൂരിലെ വനിത എസ്.ഐ കൈയേറ്റം ചെയ്ത ശേഷം ഷിജു തന്നെ ആക്രമിച്ചതായി കാട്ടി കേസെടുത്ത് റിമാൻഡ് ചെയ്തു. മിലിട്ടറിയുടെ അസം റൈഫിൾസിൽ പരിശീലനം കഴിഞ്ഞ ഷിജുവിന് ജോലി നഷ്ടമാകുമെന്ന സ്ഥിതിയായി. ഷിജുവിന്റെ സഹോദരൻ ഷൈജുവിനെ കഴിഞ്ഞ ദിവസം ജോലിസ്ഥലത്ത് നിന്ന് കാണാതായി. ഇപ്പോൾ എവിടെയെന്ന് അറിയില്ല.