കൊല്ലം: റേഷനരി കരിഞ്ചന്തയിൽ വിൽക്കാൻ ശ്രമിച്ചയാൾ അഞ്ചാലുംമൂട് പൊലീസിൽ കീഴടങ്ങി. നീരാവിൽ കിടങ്ങയത്ത് വീട്ടിൽ സനോഫറാണ് (41) കീഴടങ്ങിയത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ സെപ്തംബർ 20ന് രാത്രിയോടെ നടത്തിയ പരിശോധനയിൽ പാവൂർ വയൽ എന്ന സ്ഥലത്ത് വാഹനത്തിൽ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ച 386 കിലോ റേഷനരി, ഗോഡൗണിൽ സംഭരിച്ചിരുന്ന 3860 കിലോ റേഷനരി, 47 കിലോ ഗോതമ്പ് എന്നിവയാണ് പൊലീസ് പിടിച്ചെടുത്തത്. ചാക്കുകൾ, ത്രാസ്, ചാക്ക് തുന്നുന്ന മെഷീൻ എന്നിവയും കണ്ടെത്തിയിരുന്നു. ഒളിവിൽപോയ പ്രതി ജാമ്യത്തിന് ശ്രമിച്ചെങ്കിലും ഹൈക്കോടതി ജാമ്യം നിരസിച്ചതിനെ തുടർന്ന് അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.