കൊല്ലം: നടയ്ക്കൽ സർവ്വീസ് സഹകരണബാങ്കിന്റെ ഉടമസ്ഥതയിലുള്ള പുരയിടം അളന്നു തിരിക്കാനെത്തിയവരെ ആക്രമിച്ചതായി പരാതി. പാരിപ്പള്ളി മീനമ്പലം തങ്ങൾവിള കോളനിക്ക് സമീപത്തെ 15 സെന്റ് പുരയിടം അളന്നു തിരിക്കാനെത്തിയ ബാങ്ക് പ്രസിഡന്റ് വി.ഗണേശ് അടക്കമുള്ള ഭരണസമിതി അംഗങ്ങൾ, ബാങ്ക് സെക്രട്ടറി, ജീവനക്കാർ, റിട്ട.തഹസിൽദാർ ഹരികുമാർ എന്നിവരെയാണ് മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കാനും നായയെ അഴിച്ചു വിട്ട് കടിപ്പിക്കാനും ശ്രമിച്ചത്. സംഭവത്തിൽ മീനമ്പലം കുന്നുംപുറത്തു വീട്ടിൽ ബിജു, മാതാവ് സുജാത, ഭാര്യ ബിജി എന്നിവർക്കെതിരെ പാരിപ്പള്ളി പൊലീസിൽ പരാതി നൽകി.
വസ്തു അളന്നു തിരിക്കാൻ സഹകരിക്കണമെന്ന് ചാത്തന്നൂർ അസി. പൊലീസ് കമ്മിഷണർ ഗോപകുമാർ നിർദ്ദേശിച്ചെങ്കിലും പ്രതികൾ പുരയിടത്തിലേയ്ക്കുള്ള വഴികൾ മതിൽകെട്ടി അടച്ചതായും 11 വർഷമായി ഉപയോഗത്തിലുള്ള വഴി പുനസ്ഥാപിക്കണമെന്നും പരാതിയിൽ പറയുന്നു.