raveendranpilla-56

കൊല്ലം: കോട്ടാത്തല പത്തടിയിൽ നിയന്ത്രണം വിട്ട് ഇടിച്ചു മറിഞ്ഞ പിക്ക് അപ്പ് വാനിനടിയിൽപ്പെട്ട് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു. വെണ്ടാർ പൊങ്ങൻപാറ മണിമംഗലത്ത് വീട്ടിൽ (ആഴാന്തക്കാല) രവീന്ദ്രൻപിള്ളയാണ് (56) മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യ ഷൈലജയെ (56) ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് ആറരയോടെ കൊട്ടാരക്കര- പുത്തൂർ റോഡിൽ കോട്ടാത്തല പണയിൽ പത്തടി ജംഗ്ഷന് സമീപമായിരുന്നു അപകടം. കൊട്ടാരക്കര ഭാഗത്തു നിന്ന് വരികയായിരുന്ന ദമ്പതിമാർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിലേക്ക് എതിരെ വന്ന പിക്ക് അപ്പ് വാൻ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പിക്ക് അപ്പ് വാനിനടിയിൽപ്പെട്ട രവീന്ദ്രൻപിള്ള സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രി മോർച്ചറിയിൽ. മക്കൾ: അരുൺ രാജ്, രജിന. മരുമകൻ: സുധി. കൊട്ടാരക്കര പൊലീസ് കേസെടുത്തു.